പരിക്കേറ്റ ചിലരുടെ നില ഗുരുതരം 8 ബൈക്കുകളും മോട്ടോര്‍ പമ്പ് സെറ്റും തീയിട്ട് നശിപ്പിച്ചു

ഛണ്ഡീഗര്‍: വെള്ളം പമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഹന്‍സിക്ക് സമീപം രണ്ട് ഗ്രാമങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ അവസ്ഥ ഗുരുതരമാണെന്ന് സംഭവം അന്വേഷിക്കുന്ന അസി.സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘം തിരിഞ്ഞുണ്ടായ അക്രമത്തിനിടെ 8 ബൈക്കുകളും മോട്ടോര്‍ പമ്പ് സെറ്റും കത്തിനശിച്ചു. 

പുത്തി മംഗള്‍ ഖാന്‍ എന്ന ഗ്രാമത്തിന്റെ പരിധിയില്‍ പെടുന്ന ജലാശയത്തില്‍ നിന്ന് ധനി പീര്‍വാലി ഗ്രാമവാസികള്‍ വെള്ളം പമ്പ് ചെയ്‌തെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളം പമ്പ് ചെയ്‌തെടുക്കാന്‍ അനുവാദമുണ്ടോ എന്ന് ചോദിച്ച് പുത്തിയില്‍ നിന്ന് ചിലര്‍ ധനി പീര്‍വാലിയിലേക്ക് ചെന്നു. അനുവാദമുണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ അതിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മതിയായ രേഖകള്‍ കാണിക്കാന്‍ കഴിയാതായതോടെ പുത്തിയില്‍ നിന്നെത്തിയവര്‍ ഗ്രാമത്തില്‍ നിന്ന് മറ്റുള്ളവരേയും വിളിച്ച് തിരിച്ചെത്തുകയായിരുന്നു.

ഏതാണ്ട് അറന്നൂറോളം പേരെയും കൂട്ടിയാണ് സംഘം തിരിച്ചെത്തിയതെന്ന് ധനി പീര്‍വാലി സ്വദേശികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ആയുധങ്ങളും ഇന്ധനവും കൊണ്ട് മനഃപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള തയ്യാറെടുപ്പുമായാണ് പുത്തി ഗ്രാമവാസികള്‍ ശ്രമിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. 

പരസ്പരം പഴി പറയുന്നതിനിടെ ആരോ വാഹനങ്ങള്‍ക്ക് തീയിട്ടതോടെയാണ് സംഘര്‍ഷം ആളിക്കത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.