മതം മാറിയ യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുസ്ലീം ഏകോപന സമിതി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഹൈക്കോടതി പരിസരത്തേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ മുസ്ലീം ഏകോപന സമിതി ആഹ്വാനം ചെയ്തു.

മതം മാറിയ വൈക്കം സ്വദേശിനിയുടെ വിവാഹം റദ്ദാക്കിയതിനെതിരെയാണ് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കലൂരിനടുത്ത് മണപ്പാട്ടിപ്പറമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്സ് കോളെജിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ടിയര്‍ ഗ്യാസ് പൊട്ടിച്ചു. എന്നാല്‍ പിന്മാറാന്‍ തയാറാവാതെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് സംഘര്‍ഷത്തിന് വഴിവച്ചു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

സംഘര്‍ഷം അരമണിക്കൂര്‍ നീണ്ടുനിന്നു. നേതാക്കളെത്തിയാണ് പ്രകോപിതരായ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് നഗരത്തില്‍ ഏറെ തിരക്കേറിയ ബാനര്‍ജി റോഡില്‍ ഒരുണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് മുസ്ലിം ഏകോപന സമിതി അറിയിച്ചു.