കൊല്ലം: എസ്എൻ ട്രസ്റ്റില്‍ വീണ്ടും ചേരിപ്പോര്. പുതിയ അംഗങ്ങളെ ചേര്‍ക്കാതിരിക്കാൻ വെള്ളാപ്പള്ളി നടേശൻ ട്രസ്റ്റ് നിയമാവലിയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. കൊല്ലത്തെ എസ്എൻ ട്രസ്റ്റ് ആസ്ഥാനം പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

100 രൂപമുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള സംഭാവനകളാണ് എസ്എൻ ട്രസ്റ്റില്‍ സ്വീകരിക്കുന്നത്. ഒരു ലക്ഷം രൂപ സംഭാവന നല്‍കുന്നവര്‍ ട്രസ്റ്റില്‍ ആജീവനാന്ത അംഗങ്ങളാകും. തുകയുടെ തോത് അനുസരിച്ചാണ് വിവിധ കാറ്റഗറികളിലുള്ള അംഗങ്ങളെ നിശ്ചയിച്ചിരുന്നത്. ആര്‍ക്കും ഈ രീതിയില്‍ ട്രസ്റ്റ് അംഗങ്ങളാകാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ ഇന്നലെ ഇറങ്ങിയ പുതിയ ഉത്തരവില്‍ പ്രത്യേക അപേക്ഷ നല്‍കിയാല്‍ മാത്രമേ സംഭാവന സ്വീകരിക്കൂ എന്ന നിര്‍ദേശം വന്നു. അപേക്ഷകള്‍ പ്രത്യേക കമ്മിറ്റി പരിശോധിച്ച് ഉറപ്പ് വരുത്തി മാത്രമേ അംഗത്വം നല്‍കൂ എന്നും വ്യവസ്ഥ വച്ചു

എസ്എൻ ട്രസ്റ്റ് പ്രസിഡന്‍റ് വെള്ളാപ്പള്ളി നടേശൻ ചില സ്വന്തക്കാരെ ട്രസ്റ്റില്‍ തിരുകി കയറ്റിയെന്നും ആരോപണം ഉണ്ട്. എന്നാല്‍ എസ്എൻ ട്രസ്റ്റിന്‍റെ നിയമാവലിക്ക് അനുസൃതമായി മാത്രമേ സംഭാവനക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടുള്ളൂ എന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.