പുതിയ നിയമാവലി അംഗീകരിച്ച് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നാണ് ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിന്റെ ആവശ്യം.
തിരുവനന്തപുരം: ഐപിഎസ് അസോസിയേഷൻ ഔദ്യോഗിക നേതൃത്വത്തിനെതിരെ മത്സരിക്കാനുറച്ച് വിമത വിഭാഗം. വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ചേരുന്ന ഐപിഎസ് അസോസിയേഷൻ യോഗം സുപ്രധാനമാണ്. മത്സരമുണ്ടായാൽ അസോസിയേഷനിൽ ചേരിപ്പോര് വീണ്ടും രൂക്ഷമാകും. ഇന്ന് വൈകുന്നേരം 5.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം.
പുതിയ നിയമാവലി അംഗീകരിച്ച് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നാണ് ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിന്റെ ആവശ്യം. ദാസ്യപ്പണി വിവാദം കത്തിയപ്പോഴാണ് പഴയ ആവശ്യം വീണ്ടുമുയർത്തി വിമത പക്ഷം രംഗത്തെത്തിയത്. അസോസിയേഷൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 41 പേരാണ് സെക്രട്ടറി പി പ്രകാശിന് കത്ത് നൽകിയത്. ടോമിൻ തച്ചങ്കരിയെ പ്രസിഡന്റും ഐ.ജി വിജയ് സാഖറയെ സെക്രട്ടറിയും ആക്കണെമെന്നാണ് വിമതവിഭാഗത്തിൻറെ ആവശ്യം. പക്ഷെ മത്സരം അജണ്ടയിലില്ലെന്ന് പറഞ്ഞ് നീക്കത്തെ ഔദ്യോഗിക പക്ഷം ഇതിനെ പ്രതിരോധിക്കും.
മത്സരം ഉറപ്പാവുതയാണെങ്കിൽ എ.ഹേമചന്ദ്രനെ ഔദ്യോഗിക പക്ഷം രംഗത്തിറക്കിയേക്കും. യോഗത്തിനെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പ്രസിഡന്റാവുകയെന്നാണ് കീഴവഴക്കം. ഋഷിരാജ് സിംഗ് പങ്കെടുക്കാത്ത യോഗങ്ങളിൽ മുതിന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ എ ഹേമചന്ദ്രനാണ് ഇന്ന് അധ്യക്ഷനാവുക. മത്സമുണ്ടാകുന്നത് സേനയിലെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് ഭൂരിഭാഗം മുതിർന്ന ഉദ്യോഗസ്ഥരുടെയും നിലപാട്. അത്തരം സാഹചര്യം ഉണ്ടായാൽ കത്തിൽ ഒപ്പിട്ട മുതിർന്ന ഉദ്യോഗസ്ഥർ ഉള്‍പ്പെടെ യോഗത്തിൽ നിന്ന് മാറിനിൽക്കാനും ഇടയുണ്ട്. മത്സരമുണ്ടായാലും ഇല്ലെങ്കിലും ഇന്നത്തെ യോഗത്തോടെ അസോസിയേഷനിലെ തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
