കൊണ്ടോട്ടി മുല്ലപ്പടിയില്‍ ഥാര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. 

മലപ്പുറം: കൊണ്ടോട്ടി - കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്.

അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു ആദർശ്. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ആദര്‍ശിന്റെ വിയോഗത്തോടെ മുല്ലപ്പടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

കഴിഞ്ഞ ഒക്ടോബര്‍ 27-ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ആ അപകടം നടന്നത്. കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഥാര്‍ ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ദിവസം തന്നെ പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ധനഞ്ജയ് (16) മരിച്ചു.

അപകടത്തില്‍ തകര്‍ന്നുപോയ ജീപ്പ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ആദര്‍ശിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നു. മൂന്ന് മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം ആദര്‍ശും യാത്രയായതോടെ പള്ളിക്കല്‍ ഗ്രാമം വീണ്ടും കണ്ണീരിലാഴ്ന്നു.