ചെന്നൈ: സ്‌കൂളിലെത്താന്‍ താമസിച്ചതിന് താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലും കായികാധ്യാപകനും അറസ്റ്റില്‍. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ എം.നരേന്ദ്രന്‍(15) ആണ് മരിച്ചത്. 

വൈകിയെത്തിയതിന് നരേന്ദ്രനടക്കം ആറുവിദ്യാര്‍ത്ഥികളെ സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാല്‍മുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രന്‍ മരിക്കുകയായിരുന്നു. അച്ഛനമ്മമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ തിരുവികനഗര്‍ പൊലീസ് അറസ്റ്റുചെയ്തത്.

താമസിച്ചെത്തിയവരെ സ്‌കൂളിനുചുറ്റും മൂന്നുതവണ താറാവുനടത്തത്തിനാണ് ശിക്ഷിച്ചത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ സ്റ്റാന്‍ലി മെഡിക്കല്‍ കേളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് നരേന്ദ്രന്റെ അച്ഛനമ്മമാര്‍ പറയുന്നു. ആസ്പത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു.

കുട്ടിയുടെ ദേഹത്ത് മറ്റ് മുറിവുകളോന്നും ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കേസില്‍ അറസ്റ്റുണ്ടായത്. തോളില്‍ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് സഹപാഠികള്‍ മൊഴിനല്‍കി. ആവര്‍ത്തിച്ച് ക്ഷമാപണം നടത്തിയിട്ടും ശിക്ഷനടപ്പാക്കിയ കായികാധ്യാപകന്‍ ജയസിങ് ഇത് ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.