പ്രശ്‌സ്ത ഡോക്ടര്‍മാരെന്ന കാര്യം മറന്ന് ആദ്യമായി ക്ലാസില്‍ ഇരുന്നതുപോലെ 50 വര്‍ഷത്തിനുശേഷവും തങ്ങളുടെ അധ്യാപകരുടെ മുന്നില്‍ അനുസരണയുള്ള വിദ്യാര്‍ത്ഥികളായി അവര്‍ ഇരുന്നു. വൈദ്യശാസ്ത്ര ക്ലാസിലായിരുന്നില്ല സൗഹൃദം പുതുക്കുന്ന വേദിയില്‍. ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച നൂറോളം ഡോക്ടര്‍മാരാണ് തങ്ങളുടെ കലാലയത്തിലേക്ക് തിരിച്ചെത്തിയത്. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അധ്യാപകര്‍ ദീപം തെളിയിച്ച സുവര്‍ണ്ണ സംഗമത്തില്‍ തെളിഞ്ഞത് അഞ്ച് പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍. പ്രിയ അധ്യാപകര്‍ക്ക് ശിഷ്യരുടെ ആദരം. മനം നിറഞ്ഞ് ഗുരുക്കന്‍മാര്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും അവരുടെ ലോകത്തില്‍. കൂട്ടുകാരെകാണാന്‍ വിദേശത്തനിന്നും എത്തിയവര്‍ നിരവധി. എല്ലാവര്‍ക്കും പറയാനുള്ളത് തങ്ങളെ നല്ല ഡോക്ടര്‍മാരാക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെക്കുറിച്ച്. ഇനിയും ഒത്തുചേരാം എന്നുറപ്പില്‍ സുവര്‍ണ്ണസംഗമത്തില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താണ് ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രിയ കോളേജിനോട് വിട പറഞ്ഞത്.