തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ക്യാമ്പസ് ശുചിത്വം പരിപാലിക്കാനുമായി മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ക്ലീന്‍ ക്യാമ്പസ് ക്യാംപയ്ന്‍ കേരളപ്പിറവി ദിനത്തില്‍ ശക്തിപ്പെടുത്തുന്നു.

വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുക, കൊതുകുജന്യ രോഗങ്ങളില്‍ നിന്നും പകര്‍ച്ച വ്യാധികളില്‍ നിന്നും ഈ ക്യാമ്പസിലെത്തുന്നവര്‍ക്ക് മോചനം നല്‍കുക എന്നിവയാണ് ക്ലീന്‍ ക്യാമ്പസ് ക്യാംപയിനിന്റെ ലക്ഷ്യം. അതോടൊപ്പം ക്യാമ്പസിനെ മാലിന്യവിമുക്തമാക്കി മോടികൂട്ടാനും തീരുമാനിച്ചു.

മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ശ്രീ ചിത്ര, ആര്‍.സി.സി. തുടങ്ങിയ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഉള്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ ക്യാമ്പസിനെ പത്ത് സോണുകളായി തിരിക്കുകയും ഓരോ ഉദ്യോഗസ്ഥന്‍ വീതം ഈ സോണുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുകയും ചെയ്യും.