ബോസ്റ്റൺ: ആഗോളതാപനം നിയന്ത്രിക്കാൻ നടപടികളെടുത്തില്ലെങ്കിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കാത്തിരിക്കുന്നത് ദുരിതകാലമെന്നു മുന്നറിയിപ്പ്. മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തി ഇക്കാര്യത്തിൽ മുന്നറിയിപ്പു നല്കുന്നത്. ചൂടുകാറ്റാണ് ഉപഭൂഖണ്ഡം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആഘാതം.
കാലാവസ്ഥാ വ്യതിയാനംമൂലം ഭാവികാലം അസഹ്യമായ ചൂടിന്റെയും ഭക്ഷ്യപ്രതിസന്ധിയുടെയുമായിരിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ 150 കോടി ജനങ്ങൾ ദുരിതം അനുഭവിക്കും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടുത്ത ചൂടുകാറ്റ് വീശിത്തുടങ്ങും. ദുരന്തം ഒഴിവാക്കാൻ ഇപ്പോഴും സമയമുണ്ട്. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ച് ആഗോളതാപനം നിയന്ത്രണവിധേയമാക്കാം.
സിന്ധു, ഗംഗ നദീതീരങ്ങളിലെ ഫലഭൂയിഷ്ട മേഖലകളെയായിരിക്കും ചൂടുകാറ്റ് ഏറ്റവും ബാധിക്കുക. ഉത്തരേന്ത്യ, തെക്കൻ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിലെ 150 കോടി ജനങ്ങൾ ദുരിതത്തിനിരയാകും. ലോകത്തിലെ ഏറ്റവും ദാരിദ്ര്യംപിടിച്ച സ്ഥലങ്ങൾകൂടിയാണ് ഈ മേഖലകൾ.
ആഗോള താപനം ദുരന്തം വിതയ്ക്കുന്ന സ്ഥലങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളത്. ഒന്നാമത് പേർഷ്യൻ ഉൾക്കടൽ മേഖലയാണ്. മൂന്നാം സ്ഥാനം ചൈനയുടെ കിഴക്കൻ മേഖലയ്ക്കാണ്.
