ചെന്നൈയിലെ എല്ലാ കോളേജുകള്‍ക്കും അവധി നല്‍കി. മദ്രാസ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയ്ക്കും, ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്

ചെന്നൈ: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത മഴയാണ് ബുധനാഴ്ച പെയ്തത്. 

ഇതിനെ തുടര്‍ന്ന് ചെന്നൈയിലെ എല്ലാ കോളേജുകള്‍ക്കും അവധി നല്‍കി. മദ്രാസ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയ്ക്കും, ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. ഗജ ചുഴലിക്കാറ്റിനും മണ്ണിടിച്ചിലിനും ശക്തമായ മഴയ്ക്കും ശേഷം നിരവധി പ്രദേശങ്ങള്‍ ദുരിതം നേരിട്ടുകൊണ്ടിരിക്കെയാണ് വീണ്ടും കാലാവസ്ഥ മോശമാകുന്നുവെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

46 പേരാണ് ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചത്. രണ്ടര ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് ഏതാണ്ട് 500ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളാണ് ശക്തമായ കാറ്റും മഴയും മണ്ണിടിച്ചിലും മൂലം ഏറെ ദുരിതത്തിലായത്.