ലാഹോര്‍: പാക്കിസ്ഥാനിലെ മൗണ്ട് കെ2 കൊടുമുടിയില്‍നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ട് പോളിഷ് പര്‍വ്വതാരോഹക. പോളിഷ് പര്‍വ്വതാരോഹകനായ തോമസ് മാക്കിയാവിസ്സിനൊപ്പം നംഗ പര്‍ബത് എന്ന കില്ലര്‍ മൗണ്ടയിന്‍ കീഴടക്കാന്‍ എത്തിയതായിരുന്നു എലിസബത്ത് റിവോള്‍. എന്നാല്‍ എലിസബത്തിന് സുഹൃത്തുമായുണ്ടായിരുന്ന ബന്ധം നഷ്ടപ്പെടുകയും 24,280 അടി ഉയരത്തില്‍ വച്ച് ഒറ്റപ്പെടുകയുമായിരുന്നു. 

ഒടുവില്‍ പാക് മിലിറ്ററിയുടെ സഹായത്തോടെ മീറ്ററുകള്‍ക്കടുത്ത് ഉണ്ടായിരുന്ന പോളിഷ് പര്‍വ്വതാരോഹകര്‍ എലിസബത്തിനെ കണ്ടെത്തുകയായിരുന്നു. മിലിറ്ററി ഹെലിക്കോപ്റ്ററിലാണ് പര്‍വ്വതാരോഹകരെ സ്ഥലത്തെത്തിച്ചത്. 

എലിസബത്തില്‍നിന്ന് ഒടുവില്‍ സന്ദേശം ലഭിച്ച സ്ഥലത്ത് ഇവരെ ഇറക്കുകയായിരുന്നു. ഇവര്‍ നടത്തിയ തെരച്ചിലിലാണ് എലിസബത്തിനെ കണ്ടെത്തിയത്. എന്നാല്‍ എലിസബത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തോമസ് മാക്കിയാവിസ്സിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കാലാവസ്ഥ മോശമായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ് മിലിറ്ററിയും പര്‍വ്വതാരോഹകരും.