കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുള്ളതിനാല്‍ കുട്ടികളുടെ പഠനത്തിനായി കോഴിക്കോട് കളക്ട്രേറ്റില്‍ താല്‍ക്കാലിക സംവിധാനമൊരുക്കി. സ്‌കൂള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പിടിഎ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും.
സംരക്ഷണസമിതിയും മാനേജ്‌മെന്‍റും തമ്മില്‍ ഏറെക്കാലമായി നിലനിന്ന തര്‍ക്കത്തിനൊടുവിലാണ് മലാപ്പറമ്പ് സ്‌കൂളിന് താഴ്വീണത്. രാവിലെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന തീരുമാനം വന്നതോടെ കുട്ടികളും സംരക്ഷണസമിതിയും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നു.
പിന്നെയും ആശയക്കുഴപ്പം. തുടര്‍ന്ന് സര്‍വ്വകക്ഷിയോഗം. സ്‌കൂള്‍ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കുന്നതിനാല്‍ പൂട്ടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയേണ്ടതില്ലെന്ന് തീരുമാനം. തുടര്‍ന്ന് എഇഒ കെ എസ് കുസുമം എത്തി സ്‌കൂളിന് താഴിട്ടു. കുട്ടികളെ പിന്നീട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലേക്ക് നീക്കി.
സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള എഞ്ചിനിയേഴ്‌സ് ഹാളിലാവും ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികളുടെ പഠനം അതേസമയം സ്‌കൂള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് പിടിഎയുടെ തീരുമാനം. നിയമയുദ്ധം അവസനാച്ചിട്ടില്ലെന്ന് സ്‌കൂള്‍ സംരക്ഷണസമിതിയും നിലപാടറിയിച്ചു.
ഇതിനിടെ സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മലാപ്പറമ്പ് സ്‌കൂള്‍ മാനേജ്‌മെന്‍റും നിയമനടപടികള്‍ തുടങ്ങിയിരിക്കുകയാണ്. താഴു വീണെങ്കിലും വരും ദിവസങ്ങളില്‍ മലാപ്പറമ്പ് സ്‌കൂള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത.
