രജിസ്റ്റര്‍ ചെയ്യാത്ത 66 അനാഥാലയങ്ങള്‍ അടച്ചുപൂട്ടിയേക്കും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങളാണ് പൂട്ടുക

തൃശൂര്‍: ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്ത 66 അനാഥാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടേക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 154 അനാഥാലയങ്ങളില്‍ 88 സ്ഥാപനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് മാര്‍ച്ച് 31നകം ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ജില്ലയില്‍ 88 സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ ജെ.ജെ ആക്ടനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തിനനുസൃതമായി സ്റ്റാഫ് പാറ്റേണ്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ജെ.ജെ ആക്റ്റില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ അനാഥാലയങ്ങള്‍ നടത്താനുള്ള ഫണ്ട് ലഭ്യമാകുകയുള്ളൂ. 

നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴിലാണ് സംസ്ഥാനത്തെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജെ.ജെ ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് പ്രസക്തി നഷ്ടപ്പെടുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തെ ആശങ്കയോടെയാണ് ഈ രംഗത്തുള്ളവര്‍ വീക്ഷിക്കുന്നത്. അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളിലെ കുട്ടികളുടെ പുനരധിവാസമാണ് മറ്റൊരു പ്രധാന ആശങ്ക. 

എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സംവിധാനമൊരുക്കാന്‍, സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ സമിതി എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പഠനത്തിന് തടസമാകാതെ വേണം ഇത്തരം പുനരധിവാസമെന്നും നിര്‍ദ്ദേശമുണ്ട്. 

നിയമപരമായ നടപടി ക്രമങ്ങളില്‍ കുരുങ്ങി നിരാലംബരായ കുരുന്നുകള്‍ക്ക് സംരക്ഷണം ചോദ്യചിഹ്നമാകുമോയെന്ന ആശങ്കയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രതിമാസം രണ്ടായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. നടപടിക്കെതിരെ ചില സംഘടനകളും സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.