Asianet News MalayalamAsianet News Malayalam

റിവ്യു ഹര്‍ജി ഇല്ല: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാരില്ല. ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്നതടക്കം ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല. സുപ്രീംകോടതി എന്തു പറയുന്നുവോ അത് പാലിക്കും 

cm about sabarimala protest
Author
Thiruvananthapuram, First Published Oct 16, 2018, 11:23 AM IST

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാരില്ല. ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്നതടക്കം ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല. സുപ്രീംകോടതി എന്തു പറയുന്നുവോ അത് പാലിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്. അതില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. 

ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കും. നിലയ്ക്കല്‍ അടക്കം ശബരിമല പാതയില്‍ പലയിടത്തും ഒരു വിഭാഗം ഭക്ത ജനങ്ങളുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തീര്‍ത്ഥാടകരെ തടയരുതെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് റിവ്യു ഹര്‍ജി കൊടുക്കുന്നുണ്ടോ എന്ന് അവരാണ് പറയേണ്ടത്. എന്തായാലും സര്‍ക്കാര്‍ കൊടുക്കില്ല. 

ഹിന്ദു ധര്‍മ്മശാസ്ത്ര പണ്ഡിതരുടെ ഒരു കമ്മീഷന്‍ വച്ച് സ്ത്രീപ്രവേശന വിഷയത്തില്‍ അഭിപ്രായം തേടണം എന്ന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അതിനപ്പുറം സ്ത്രിയും പുരുഷനും തുല്യരാണ് എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. പുരുഷനൊപ്പം തന്നെ എല്ലാ അവകാശവും സ്ത്രിക്കുണ്ട്. എന്നാല്‍ അതുവച്ച് ഒരു നിയമനിര്‍മ്മാണത്തിന് ഞങ്ങള്‍ ഇല്ല എന്നും വ്യക്തമാക്കിയതാണ്. നേരത്തെ സ്ത്രീകള്‍ അവിടെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്പോള്‍ ആണ് അവിടെ സ്ത്രീ പ്രവേശനം നിഷേധിച്ച് 1991-ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രകാലം സര്‍ക്കാര്‍ അതു പാലിച്ചു. ഇപ്പോള്‍ സുപ്രിംകോടതി ആ നിരോധനം എടുത്തു കളഞ്ഞു ആ ഉത്തരവും സര്‍ക്കാര്‍ പാലിക്കും. 

Follow Us:
Download App:
  • android
  • ios