സര്‍ക്കാര്‍ ഇടപെടല്‍ ഫലം കാണുമോ? നേപ്പാളില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടകര്‍ തിരിച്ചെത്താത്തത് നാല് പേര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി

ദില്ലി: കൈലാസ്-മാനസരോവര്‍ യാത്രയ്ക്കിടെ ചൈനയിലും നേപ്പാളിലുമായി കുടുങ്ങിയ മലയാളികളടക്കമുള്ള തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങിയ തീര്‍ത്ഥാടക സംഘത്തില്‍ നാല് മലയാളികളാണ് ഉള്ളത്. 

സിമികോട്ടില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാധ്യമ വാര്‍ത്തകള്‍ പരിഗണിച്ചാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍. കോഴിക്കോട് സ്വദേശി ചന്ദ്രന്‍, ഭാര്യവനജ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരാണ് സിമി കോട്ടില്‍ കുടങ്ങിയ അഞ്ഞൂറോളം വരുന്ന തീര്‍ത്ഥാടക സംഘത്തിലുള്ളത്. 

കനത്ത മഴയും കാറ്റുംമൂലം യാത്രമുടങ്ങിയ സംഘം അഞ്ച് ദിവസമായി സിമികോട്ട് എയര്‍സ്ട്രിപിന് സമീപമുള്ള ചെറിയ കെട്ടിടത്തില്‍ കഴിയുന്നുവെന്നാണ് വിവരം. മഴ ഇപ്പോഴും തുടരുകയാണെന്നാണ് നേപ്പാള്‍ ഗഞ്ചില്‍ ഇവരെ കാത്തിരിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍ പറയുന്നത്. തീര്‍ത്ഥാടക സംഘത്തിലുള്ളയാളുടെ ബന്ധു മുഖനെ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും മോശം കാലാവസ്ഥ മൂലം ഒന്നും ചെയ്യാനാകില്ലെന്നാണ് പ്രതികരണം. സ്ഥിതി മനസിലാക്കിയിട്ടും നേപ്പാള്‍ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ആശയ വിനിമയം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.