Asianet News MalayalamAsianet News Malayalam

തലശേരി സംഭവം: നിലപാടിലുറച്ച് മുഖ്യമന്ത്രി

cm pinarayi firm on dalit women issue in kannur
Author
First Published Jun 20, 2016, 4:00 PM IST

തിരുവനന്തപുരം: തലശേരിയില്‍ ദളിത് യുവതികളെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. തലശ്ശേരിയില്‍ യുവതികളെ ജയിലിലടച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നത്. മുമ്പ് ആദിവാസിക്കുട്ടികള്‍ അടക്കം ജയിലില്‍ പോയിട്ടുണ്ട്. കുട്ടി ഒറ്റയ്ക്കല്ല, അമ്മയോടൊപ്പമാണ് പോയതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കണ്ണൂര്‍ വിഷയത്തില്‍ അങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സംഭവമുണ്ടായി. അതില്‍ പൊലീസ് കേസെടുത്തു. കേസും കൗണ്ടര്‍ കേസും ഉണ്ട്. അതില്‍ എന്താണ് പ്രതികരിക്കാനുള്ളത്. കുട്ടി ആദ്യമായിട്ടാണോ ജയിലില്‍ പോകുന്നത്. എത്രയോ ആദിവാസി കുട്ടികളെയാണ് ഈ കേരളത്തില്‍ ജയിലിലടച്ചിട്ടുള്ളത്. കുട്ടിയെ അമ്മ കൊണ്ടുപോയതാണ്. കുട്ടിയെ ആരും ജയിലിലടച്ചതല്ലെന്നും പിണറായി പറഞ്ഞു. എ കെ ആന്റണി ജയിലില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍, വേറെ മാര്‍ഗമൊന്നും കാണാത്തവര്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയില്‍ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങളില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം വിമാനത്താവളത്തിലാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

Follow Us:
Download App:
  • android
  • ios