തിരുവനന്തപുരം: കശാപ്പ് നിരോധനത്തിനെതിരെ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മലയാളികളുടെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ ഭക്ഷണക്രമം ആര് വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ല. കേരളീയരുടെ ഭക്ഷണരീതി ഇവിടെത്തന്നെ തീരുമാനിക്കും. കേരളത്തിലെ ഭക്ഷണക്രമം പാലിച്ചുപോവാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും. സാധാരണക്കാര്‍ക്ക് ചെറിയ നിരക്കില്‍ കഴിക്കാന്‍ പറ്റുന്നതാണ് ബീഫ്. ഇറച്ചി കഴിക്കുന്നവരില്‍ വലിയൊരു വിഭാഗം മാട്ടിറച്ചി കഴിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കശാപ്പ് നിരോധനം പ്രഖ്യാപിച്ചതുമുതല്‍ കടുത്ത പ്രതിഷേധം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയും മറ്റും അറിയിച്ചിരുന്നു. കേരളത്തിലെ മന്ത്രിമാരും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ബീഫ് നിരോധിക്കാനുള്ള ശ്രമം ഇവിടെ വിലപ്പോകില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാറും, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീലും വ്യക്തമാക്കിയിരുന്നു.