തിരുവനന്തപുരം: ചരിത്രം പൊളിച്ചെഴുതി രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫ് നിരോധനവും മുത്തലാഖും പോലുള്ള ആചാരങ്ങള്‍ എക്കാലവും നിലനിന്നവയല്ലെന്ന് പ്രശസ്ത ചരിത്രകാരി ഡോ. റൊമീള ഥാപ്പര്‍. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസും സംഘപരിവാറും ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഠ്യപദ്ധതിയില്‍പ്പോലും വര്‍ഗീയത പടര്‍ത്തുന്നത് അപകടകരമാണ്. എഴുപത്തിയേഴാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച, ആധുനിക ഇന്ത്യയും മതനിരപേക്ഷതയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സഹവര്‍ത്തിത്വവും സമഭാവനയും വളര്‍ത്തിയ ഇന്ത്യന്‍ മതങ്ങളെ, യൂറോപ്യന്‍ സാഹചര്യങ്ങളില്‍ വ്യാഖ്യാനിച്ചതാണ് ബീഫ് നിരോധനവും മുത്തലാഖും പോലുള്ള സാഹചര്യങ്ങളിലേക്ക് എത്തിച്ചതെന്ന് പ്രശസ്ത ചരിത്രകാരി റൊമീള താപ്പര്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ ചരിത്ര കോണ്‍ഗ്രസ്, 29ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും.