കൊച്ചി: അഴിമതിക്കാരായ പോലീസുകാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയും, പോലീസിങ്ങും ഒരുമിച്ച് പോകില്ലെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കേരള പോലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പൊലീസ് സേനയില്‍ ഉള്ളവര്‍ യാതൊരുവിധ അവിഹിത ഇടപെടലും കൂടാതെ, ജാഗരൂകരായിരിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ജനങ്ങളോടൊപ്പമാണ് പൊലീസ് എന്ന ചിന്ത വളര്‍ത്തിയെടുക്കണം. ജനങ്ങളോടൊപ്പമാണ് പൊലീസ് എന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സേനയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതുപോലെ തന്നെ സമയോചിതമായ ഇടപെടലുകളാണ് ജനം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സേനയില്‍ അഴിമതി ഉണ്ടെന്നത് വ്യക്തമാണ്. ചുരുക്കം ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്ന അഴിമതി സേനക്ക് മൊത്തം ചീത്തപ്പേരുണ്ടാക്കുന്നു. അഴിമതിയും, പോലീസിങ്ങും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. ഇത്തരക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ജിഷാ വധക്കേസിലെ ആദ്യഘട്ട അന്വേഷണത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സമയോചിതമായ ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോള്‍, അത് സേനയ്‌ക്ക് മുഴുവന്‍ അവമതിപ്പ് ഉണ്ടാക്കുന്നു. അത്തരമൊരു സംഭവത്തിന് ഉദാഹരണമാണ് ജിഷാ കേസിന്റെ തുടക്കത്തിലേയുള്ള അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
