Asianet News MalayalamAsianet News Malayalam

സാംസ്കാരിക നായകര്‍ക്കെതിരായ പ്രതിഷേധം; ഹീനമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പ്

സാഹിത്യ അക്കാദമി  മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നതെന്നും അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പിൽ പറയുന്നു.

cm pinarayi viayan criticizes attack against sahithya academy
Author
Trivandrum, First Published Feb 21, 2019, 1:32 PM IST

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കു നേര്‍ക്കു നടന്ന കയ്യേറ്റശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ വൈകിട്ടാണ് സാംസ്കാരിക നായകരുട മൗനത്തെ പരിഹസിച്ച് കൊണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവ‌ർത്തക‌ർ സാഹിത്യ അക്കാദമയിൽ കയറി പ്രസിഡന്‍റ് വൈശാഖന് വാഴപ്പിണ്ടി സമ്മാനിക്കാൻ ശ്രമിച്ചത്. 

കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നതെന്നും അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ പറയുന്നു. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത്തരം നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കി.

കാസർകോട് ഇരട്ട കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര്‍ മൗനത്തിലാണെന്ന് ആരോപിച്ചാണ് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിക്കാൻ യൂത്ത് കോൺഗ്രസ് എത്തിയത്. സാഹിത്യ അക്കാദമിയിലെത്തിയായിരുന്നു നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന മുദ്രാവാക്യത്തോടെ വാഴപ്പിണ്ടി സമ്മാനിച്ചത്. അക്കാദമിക്കു അകത്ത് കയറുന്നതു പൊലീസ് തടഞ്ഞതോടെ  പ്രസിഡന്‍റ് വൈശാഖന്‍റെ ‌കാറിനു മുകളിൽ വാഴപ്പിണ്ടി വച്ചു തിരിച്ചുപോരുകയായിരുന്നു. വാഴപ്പിണ്ടി സമർപ്പിക്കുന്നതു സംബന്ധിച്ച ബാനർ അക്കാദമിയുടെ ബോർഡിനു മുന്നിൽ കെട്ടിയാണ് യൂത്ത് കോൺ​ഗ്രസ് പ്രവ‌ർത്തക‌ർ മടങ്ങിയത്.

Follow Us:
Download App:
  • android
  • ios