സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ല; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പോലും സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലപാട് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു
വെന്നും അദ്ദേഹം പറഞ്ഞു. കൃഷി സംസ്ഥാന വിഷയമാണ്, എന്നിട്ടും കാർഷിക കരാറുകളെക്കുറിച്ച് കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാവുന്നില്ല. അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടും മുമ്പ് പാർലമെന്റിന്റെ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും മുഖ്യമന്തി പറഞ്ഞു. 

നേരത്തെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെ മുഖ്യ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പീയുഷ് ഗോയല്‍ കാണാന്‍ അനുമതി നിഷേധിച്ചു എന്ന സംഭവത്തില്‍ ഗോയലിന്‍റെ പ്രതികരണമായിരുന്നു മുഖ്യ മന്ത്രിയെ ചൊടിപ്പിച്ചത്. റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് താന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല. കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാം എന്ന് ഗോയല്‍ കരുതരുത്. ഗോയലിന്‍റേത് വിടുവായത്തമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.