തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് പതാക ഉയര്‍ത്തി. ഗൊരഖ്പൂരില്‍ മരണപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി വിജയന്‍ പ്രസംഗിച്ചത്.

70 കുട്ടികൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചത് ഏത് പൗരനാണ് സങ്കടമാകാതിരിക്കുകയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഒരു തരത്തിലും നികത്താനാകാത്ത നൻമയുടെ നഷ്ടമായാണ് ഗോരഖ്പൂരിലെ സംഭവത്തെ വിശേഷിപ്പിച്ചത്. ദേശീയത, സങ്കുചിത മത ദേശിയതക്കും വിദ്വേഷത്തിനും വഴി മാറുന്നത് അപകടകരമാണ്. വ്യത്യസ്ത ചിന്താധാരകളെ അതിന്റെ സമഗ്രതയിൽ ഉള്‍ക്കൊള്ളാനാകണം. ദേശ സ്നേഹം ആത്മീയതയുടെ അഭയ സ്ഥാനമല്ല. എന്നാല്‍ ദേശീയതയിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ശാപമാണ്. ചില രാഷ്ട്രീയ പാർട്ടികൾ അഴിമതിയുടെ ചെളിക്കുണ്ടിലാണിപ്പോള്‍. സാമൂഹിക ജീർണതകളിൽ നിന്ന് രാഷ്ട്രീയത്തെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. സർക്കാറിന് നിയന്ത്രിക്കാനാകാത്ത മേഖലയിലെ അഴിമതി നിർഭാഗ്യകരമാണ്. ക്രമസമാധാനത്തിസും സ്ത്രീസുരക്ഷയിലും ലിംഗ നീതിയിലും സർക്കാർ വിട്ടുവീഴ്ചക്കില്ലെന്നും നിയമവും നീതിന്യായവും പണി കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.