തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍ വിനോദ സഞ്ചാരികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നും കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.

സംസ്ഥാനത്തെ വിനോദസഞ്ചാര വിഭവങ്ങളെ വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വ്യവസായികളും നിക്ഷേപകരും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഹര്‍ത്താലുകള്‍ പൂര്‍ണമായി ഒഴിവാക്കാനാവില്ല.

സംസ്ഥാനത്തെ വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ശുചിത്വ കേരളത്തിനായി നവംബര്‍ ഒന്നോടെ കേരളത്തെ പരസ്യ വിസര്‍ജന വിമുക്തമാക്കും. കായലുകളും നദികളും ശുദ്ധീകരിക്കും. സംസ്ഥാനത്തെ അടഞ്ഞ തോടുകളും കുളങ്ങളും വീണ്ടെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 57 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 565ഓളം പ്രതിനിധികളാണ് ഒന്‍പതാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. 1400 ഓളം ആഭ്യന്തര പ്രതിനിധികളും മാര്‍ട്ടിന് എത്തിയിട്ടുണ്ട്. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെള്ളിയാഴ്ച വരെയാണ് മീറ്റ്. അവസാന ദിവസം പൊതുജനങ്ങള്‍ക്കും മാര്‍ട്ട് സന്ദര്‍ശിക്കാം.