കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി  പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്ന് പിണറായി

തിരുവനന്തപുരം: കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളതുകൊണ്ടാണ് കെവിന്‍റെ ഭാര്യയുടെ പരാതി പരിഗണിക്കാത്തതെന്ന വാർത്തയെക്കുറിച്ചായിരുന്നു ചോദ്യം. അതൊരു ആശ്ചര്യകരമായ വർത്തമാനമാണെന്നും ചോദ്യം ചോദിച്ചയാൾ ഏത് ചാനലിൽ നിന്നാണെന്നുമായി മുഖ്യമന്ത്രിയുടെ മറുചോദ്യം .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചോദ്യം ചോദിച്ചത് ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ട് കുറ്റവാളികൾക്ക് സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ടത്തലെന്നും, അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാനലുകളുടെ കണ്ടെത്തലല്ലെന്നും പെൺകുട്ടി തന്നെ പറഞ്ഞതാണെന്നും റിപ്പോർട്ടർ പി.ആർ. പ്രവീണ ആവർത്തിച്ചപ്പോൾ അസഹിഷ്ണുത കാട്ടേണ്ടതില്ലെന്നും മറുപടി പറയാമെന്നുമായി രോഷാകുലനായുള്ള മുഖ്യമന്ത്രിയുടെ മറുപടി. 

പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാധാരണഗതിയിൽ പൊലീസ് കാണിക്കേണ്ട ജാഗ്രത എല്ലായിപ്പോഴും ഉണ്ടാകണം അതിന് മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയോ ഒരു പ്രശ്നമായി വരുന്നില്ല. സുരക്ഷാ കാര്യങ്ങൾ ഒരുക്കുന്നത് പ്രത്യേക ടീമാണ്, അത് സ്ഥലത്തെ എസ്ഐയോ മറ്റുള്ളവരോ അല്ല. അതെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ആരോ നിർദ്ദേശിച്ച പോലുള്ള ചോദ്യം ഉണ്ടാകുമായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.