നിയമങ്ങളെല്ലാം കാറ്റില്‍പറത്തി സ്വകാര്യ വ്യക്തി നടത്തിയ മണ്ണെടുപ്പിനെ തുടര്‍ന്ന് ഐ.സ് ഗുലാത്തിയുടെ വീട് തകര്‍ന്നു വീഴുന്നതും ഗുലാത്തിയുടെ വിധവ അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നതും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തി പാര്‍പ്പിട സമുച്ഛയമടക്കം പണിയാന്‍ ലക്ഷ്യമിട്ട് നടത്തിയ അശാസ്‌ത്രീയമായ മണ്ണെടുപ്പായിരുന്നു വീട് തകരാനിടയാക്കിയത്. ഈ സംഭവത്തിലാണ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിക്കുന്നു. കുമാരപുരം പൊതുജനം റോഡിലെ കുന്നിന്‍ മുകളില്‍ ലാറി ബേക്കറാണ് മണ്ണിന്റെ സ്വാഭാവികത നഷ്ടമാക്കാതെ വീട് പണിതത്. ഈ വീടാണ് പാതിഭാഗവും തകര്‍ന്നു വീണത്. നിലവില്‍ ഗുലാത്തിയുടെ വിധവ ലീല ഗുലാത്തി ഏതു നിമിഷവും നിലംപൊത്തിയേക്കാവുന്ന ഔട്ട് ഹൗസിലാണ് താമസിക്കുന്നത്.