Asianet News MalayalamAsianet News Malayalam

ബിജെപിയുടെ വഴിതടയല്‍ സമരത്തിനിടെ മുഖ്യമന്ത്രി പൊതുവേദിയില്‍

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ സഹകരണവകുപ്പ് സംഘടിപ്പിച്ച ആദ്യപരിപാടിയില്‍ യാതൊരു തടസ്സങ്ങളും നേരിടാതെ കൃത്യസമയത്ത് എത്തിച്ചേര്‍ന്നു.

CM reachd venue between bjp blockade
Author
Chengannur, First Published Dec 2, 2018, 11:16 AM IST

ചെങ്ങന്നൂര്‍:ബിജെപിയുടെ വഴിതടയല്‍ സമരം ഇന്ന് ആരംഭിച്ച ശേഷം തന്‍റെ ആദ്യത്തെ പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച്ച മുതല്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. 

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ സഹകരണവകുപ്പ് സംഘടിപ്പിച്ച ആദ്യപരിപാടിയില്‍ യാതൊരു തടസ്സങ്ങളും നേരിടാതെ കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ യാത്രാമധ്യേ ചെങ്ങന്നൂർ മുളക്കുഴയിൽ വച്ച് ചില യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. 

മുഖ്യമന്ത്രിയെ കൂടാതെ സഹകരണ--ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ എന്നീ മന്ത്രിമാരും ചടങ്ങില്‍ അതിഥികളായിട്ടുണ്ട്. ഇതില്‍ കടകംപ്പള്ളി സുരേന്ദ്രന്‍ ഒരു മണിക്കൂര്‍ മുന്‍പേ തന്നെ വേദിയിലെത്തിയിരുന്നു. മറ്റുള്ളവര്‍ എത്തിയിട്ടില്ല. പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിര്മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങാണ് ചെങ്ങന്നൂരിലെ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളേജില്‍ നടക്കുന്നത്. 

അതേസമയം പരിപാടി നടക്കുന്ന ഐഎച്ചആര്ഡി എഞ്ചിനീയറിംഗ് കോളേജിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയെങ്കിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം വച്ച് മാര്‍ച്ച് പൊലീസ തടഞ്ഞു. ബിജെപിയുടെ വഴിതടയല്‍ സമരത്തിന്‍റെ പശ്ചാത്തലത്തില്‍  മുഴുവന്‍ മന്ത്രിമാരുടേയും സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാര്‍ക്കും അകന്പടിയ്ക്കായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പൈലറ്റ് വാഹനങ്ങളേയും വിന്യസിച്ചു. 

 250----ഓളം പൊലീസ് ഉദ്യോഗസ്ഥരെ ചെങ്ങന്നൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പരിപാടിക്ക് ശേഷം ആലപ്പുഴയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. ഇവിടെ എല്‍ഡിഎഫിന്‍റെ പൊതുപരിപാടിയാണ് നടക്കുന്നത്. യാത്രാമധ്യേയോ പരിപാടി നടക്കുന്ന ചടങ്ങിലോ പ്രതിഷേധമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെയും ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 
 

Follow Us:
Download App:
  • android
  • ios