സാധാരണ ഗതിയില്‍ ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള അപകടകരമായ അവസ്ഥയിലേക്ക് നാടിനെ എത്തിക്കാനായിരുന്നു യഥാര്‍ത്ഥത്തില്‍ ഇതിന് തുടക്കം കുറിച്ചവരുടെ ശ്രമം

കോഴിക്കോട്: അപ്രഖ്യാപിത ഹർത്താലിന് പിന്നില്‍ അന്ത്യന്തം ഹീനമായ ഗൂഡാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ശരിയായ കാര്യങ്ങളെ തെറ്റായ രീതിയിൽ തിരിച്ചുവിടാൻ ചില ഗൂഢ ശക്തികൾ ശ്രമിച്ചു. ഊഹിക്കാൻ പോലും പറ്റാത്തത്ര അപകടാവസ്ഥയിൽ നാടിനെ എത്തിക്കാനായിരുന്നു അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ചിലത് പ്രചരിപ്പിച്ചു. അവരുടേതായ ഐഡന്റിറ്റി മറച്ചുവെച്ചാണ് അത് ചെയ്തത്. അവര്‍ ആരാണെന്നും അവരുടെ ഉദ്ദേശമെന്തെന്നും മറച്ചുവെച്ചുകൊണ്ടായിരുന്നു പ്രചരണം. അവരുടെ ലക്ഷ്യവും കൃത്യമായിരുന്നു. നാട്ടില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. അതില്‍ പലരും കുടുങ്ങി, തെറ്റായ വഴിയിലേക്ക് സഞ്ചരിച്ചു. സാധാരണ ഗതിയില്‍ ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള അപകടകരമായ അവസ്ഥയിലേക്ക് നാടിനെ എത്തിക്കാനായിരുന്നു യഥാര്‍ത്ഥത്തില്‍ ഇതിന് തുടക്കം കുറിച്ചവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.