മഫ്തിയിലുള്ള പോലീസുകാരാണ് തന്‍റെ ബൈക്കില്‍ ഇടിച്ചതെന്ന് അറിയാതെയാണ് ഉസ്മാന്‍ അവരെ ചോദ്യം ചെയ്തതെന്നും ഉസ്മാന്‍ രോക്ഷം സ്വഭാവികമാണെന്നും വിഷയം ഉന്നയിച്ചു കൊണ്ട് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

തിരുവനന്തപുരം:എടത്തലയില്‍ യുവാവിനെ മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് പോലീസ് നടപടികളില്‍ തെറ്റുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കിയത്. എടത്തല സംഭവം ഉയര്‍ത്തി തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അടിയന്തരപ്രമേയത്തിന് അനുമതി തേടി വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന് മറുപടി പറയുന്നതിനിടെയാണ് പോലീസ് നടപടിയില്‍ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

മഫ്തിയിലുള്ള പോലീസുകാരാണ് തന്‍റെ ബൈക്കില്‍ ഇടിച്ചതെന്ന് അറിയാതെയാണ് ഉസ്മാന്‍ അവരെ ചോദ്യം ചെയ്തതെന്നും ഉസ്മാന്‍ രോക്ഷം സ്വഭാവികമാണെന്നും വിഷയം ഉന്നയിച്ചു കൊണ്ട് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ഉസ്മാനില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത് എന്നാല്‍ ഇവിടെ സാധാരണക്കാരെ പോലെ രോക്ഷം തീര്‍ക്കുകയാണ് പോലീസ് ചെയ്തത്. ഉസ്മാനെക്കുറിച്ച് അന്വേഷിക്കാന്‍ പോയ തന്റെ ബന്ധുകള്‍ക്ക് നേരെ പോലീസ് അസഭ്യ പറഞ്ഞെന്നും അന്‍വാര്‍ സാദത്ത് പരാതിപ്പെട്ടു. പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ആലുവ സ്വതന്ത്രറിപ്പബ്ളിക് അല്ലെന്നായിരുന്നു എംഎല്‍എയുടെ ആരോപണങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. ആരാണ് ആദ്യം കൈവച്ചതെന്ന് എംഎല്‍എയ്ക്ക് തന്നെ നന്നായി അറിയാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാറോടിച്ച പോലീസ് ഡ്രൈവറെ ഉസ്മാന്‍ മര്‍ദ്ദിച്ചതോടെയാണ് മറ്റുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച്ചസംഭവിച്ചു. അത് ശരിയായ നടപടിയായിരുന്നില്ല. പോലീസ് നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടത്. കേസെടുക്കുന്നതിന് പകരം സാധാരണക്കാരന്‍റെ നിലവാരത്തിലേക്ക് പോകുകയാണ് പോലീസ് ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എന്നാല്‍ ഇതിന്‍റെ മറപിടിച്ച് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ രണ്ട് തവണ പ്രതിഷേധമാര്‍ച്ച് നടത്തുന്ന സാഹചര്യമുണ്ടായി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളടക്കം പ്രതിഷേധിക്കാനെത്തിയിരുന്നു. തീവ്രവാദരീതിയിലുള്ള പ്രതിഷേധം സര്‍ക്കാര്‍ വകവച്ചു കൊടുക്കില്ല. തീവ്രവാദസ്വഭാവമുള്ളവര്‍ക്ക് കൈകാര്യം ചെയ്യാനുള്ളതല്ല പോലീസെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതിപക്ഷം ഇതോടെ സഭയില്‍ ബഹളം വച്ചുയ ആലുവക്കാര്‍ മൊത്തം തീവ്രവാദികളാണെന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിയല്ലെന്ന് രമേശ് ചെന്നിത്തലയുടെ അസാന്നിധ്യത്തില്‍ പ്രതിപക്ഷത്തെ നയിക്കുന്ന കെ.സി ജോസഫ് പറഞ്ഞു. ഇതിനെതിരെ മറുപടിയുമായി ഭരണപക്ഷ എംഎല്‍എമാരും എഴുന്നേറ്റതോടെ സഭയില്‍ വീണ്ടും ബഹളം തുടങ്ങി. പ്രതിപക്ഷ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്ക്പോരും നടന്നു.