Asianet News MalayalamAsianet News Malayalam

ആചാരത്തെ മറയാക്കി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

ആചാരത്തെ മറയാക്കി ഭരണഘടനയെ അട്ടിമറിക്കാൻ നീക്കം ശക്തമായി നടക്കുകയാണ്. ആധുനിക കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം യാഥാസ്ഥിതിക വിഭാഗം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ആണ് വനിതാ മതിലിൽ സ്ത്രകൾ അണിനിരന്നത്. 

cm speech on the preservation of constitution
Author
Thiruvananthapuram, First Published Jan 26, 2019, 5:49 PM IST

തിരുവനന്തപുരം: ആചാരത്തെ മറയാക്കി ഭരണഘടനയെ മറികടക്കാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ വെല്ലുവിക്കുന്നവർ രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുകയാണ്. ഭരണഘടനയ്ക്ക് വിധേയമായാണ് ഒരു സർക്കാർ പ്രവർത്തിക്കേണ്ടത്. ആ കടമയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. തിരുവനന്തപുരത്ത്  ഭരണഘടനാസംരക്ഷണസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഭരണഘടന അവകാശം നിഷേധിക്കാൻ അക്രമോത്സുക നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന അത്തരം ചില നീക്കങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം പ്രക്ഷോഭങ്ങളെ പ്രകീർത്തിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ആചാരത്തെ മറയാക്കി ഭരണഘടനയെ അട്ടിമറിക്കാൻ നീക്കം ശക്തമായി നടക്കുകയാണ്. ആധുനിക കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം യാഥാസ്ഥിതിക വിഭാഗം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ആണ് വനിതാ മതിലിൽ സ്ത്രകൾ അണിനിരന്നത്. 

ഭരണഘടന തങ്ങള്‍ക്കെന്തെല്ലാമാണ് അനുവദിച്ചു തന്നിട്ടുള്ളതെന്ന് ബോധം പൗരന്‍മാര്‍ക്കുണ്ടാവണം. പ്രത്യേകിച്ച് ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടനാ അവകാശങ്ങളും സ്വാതന്ത്രങ്ങളും നിഷേധിക്കുകയാണ്. ഈ നിഷേധം ശരിയല്ലെന്നും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവയാണ് അവയെന്നും ബന്ധപ്പെട്ട ജനവിഭാഗങ്ങളെ കൊണ്ട് തന്നെ പറയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളെ അതിജീവിച്ച് ഒരു ജനവിഭാഗത്തിന് നിലനില്‍ക്കണമെങ്കില്‍ ഭരണഘടനാ സാക്ഷരാത നേടിയേ തീരൂ. 

അടിസ്ഥാന സാക്ഷരത പോലെ അനിവാര്യമാണ് ഭരണഘടന സാക്ഷരത. ഇതിനായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് സാഹിത്യ-സാക്ഷരതാ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വ്യക്തിഗതമായുള്ള ഇടപെടലും വേണം. എങ്കില്‍ മാത്രമേ ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അതിജീവിക്കാന്‍ സാധിക്കൂ. നവോത്ഥാന ചരിത്രമുള്ള നമ്മുടെ നാട് ഇത്തരം ശ്രമങ്ങളെ അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.  
 

Follow Us:
Download App:
  • android
  • ios