തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപേക്ഷാതീയതി നീട്ടിയതിൽ അസ്വാഭാവികതയില്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ആരോഗ്യമന്ത്രി രാജി വയ്ക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. മന്ത്രിയുടെ മുന്നിൽ വന്ന ഫയലിലെ നിർദ്ദേശപ്രകാരമാണ് തീയതി നീട്ടിയത് . മന്ത്രിയുടെ ഭാഗം കോടതി കേട്ടില്ലെന്നും മുഖ്യമന്ത്രി . ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു . ബാലാവകാശ കമ്മീഷനിലേക്ക് 103 പേർ അപേക്ഷ നൽകിയിരുന്നെന്നും 40 പേർക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം നടക്കുകയാണ്. ഇരട്ടനീതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇ പി ജയരാജന് ഒരു നീതിയും ശൈലജക്ക് മറ്റൊരു നീതിയുമെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയക്കാരെ നിയമിക്കാം, പക്ഷേ പ്രതികളെ എന്തിനു നിയമിച്ചു എന്നു ചെന്നിത്തല ചോദിച്ചു.

മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ഷാഫി പറമ്പിൽ എംഎല്‍എ ആരോപിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ശൈലജയ്ക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം ഉന്നയിച്ചു. മന്ത്രിക്കെതിരായ ഹൈക്കോടതി പരാമർശം ചർച്ച ചെയ്യണമെന്നും മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു