ദക്ഷിണേന്ത്യയിൽ പ്രാദേശിക പാർട്ടികൾ ഒന്നിച്ചുചേർക്കേണ്ടതിന്റെ ആവശ്യകത ഇരുമുഖ്യമന്ത്രിമാരും ചര്‍ച്ച ചെയ്തു

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രയിലെ വിജയവാഡയിലെ പ്രശസ്തമായ കനകദുര്‍ഗ്ഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായി ജെഡി(എസ്) നേതാവ് കൂടിയായ കുമാരസ്വാമി എത്തിയപ്പോള്‍ ആണ് ചന്ദ്രബാബു നായിഡു അദ്ദേഹത്തെ സന്ദര്‍ശിച്ചത്. 

ദക്ഷിണേന്ത്യയിൽ പ്രാദേശിക പാർട്ടികൾ ഒന്നിച്ചുചേർക്കേണ്ടതിന്റെ ആവശ്യകത ഇരുമുഖ്യമന്ത്രിമാരും ചര്‍ച്ച ചെയ്തുവെന്ന് പിന്നീട് പുറത്തു വന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ഒരു വേദിയില്‍ എത്തിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു.

കേന്ദ്രത്തിൽ ഒരു ബദൽ ശക്തി വേണമെന്ന വികാരം ഇരുവരും പങ്കുവച്ചതായും ഈ ലക്ഷ്യം സാധ്യമാക്കാനായി ദക്ഷിണേന്ത്യയിലെ മറ്റു പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരുമുഖ്യമന്ത്രിമാരും തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുമാരസ്വാമിയുടെ പാര്‍ട്ടിയായ ജെഡിഎസ് നിലവില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാണ്.