ന്യൂഡല്‍ഹി:സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത കർഷകരുടെ കഴിഞ്ഞ രണ്ട് മാസങ്ങളിലെ പലിശ എഴുതി തള്ളാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കോഴിക്കോട് ഉൾപ്പടെയുള്ള ഐഐഎമ്മുകളെ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചു.
സഹകരണ ബാങ്കിൽ നിന്ന് ഹ്രസ്വകാല കാർഷിക വായ്പയെടുത്ത കർഷകരുടെ പലിശ എഴുതി തള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവർഷ തലേന്നുള്ള പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ നവംബർ ഡിസംബർ മാസങ്ങളിലെ പലിശ എഴുതി തള്ളാനാണ് തീരുമാനിച്ചത്. ഇതിനുള്ള പണം നബാർഡ് സഹകരണ ബാങ്കുകൾക്ക് നല്കും. മൂന്ന് ശതമാനം പലിശയിളവ് പദ്ധതിക്ക് നേരത്തെ നബാർഡിന് നല്കിയ 15000 കോടി രൂപയ്ക്ക് പുറമെ 1060 കോടി രൂപ കൂടി നല്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
നോട്ട് അസാധുവാക്കൽ സമയത്തെ ദുരിതം മറികടന്ന് വിളയിറക്കിയ കർഷകരെ സഹായിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. ഗ്രാമീണ മേഖലയിൽ വീടു വയ്ക്കാനും ഉള്ള വീട്ടിൽ ഒരു മുറിയോ നിലയോ പണിയാനും രണ്ട് ലക്ഷം രൂപ വരെ വായ്പയെടുത്തവരുടെ പലിശ സർക്കാർ നല്കുന്നതിനും മന്ത്രിസഭാ അനുമതിയായി. എൽഐസിയുടെ വരിഷ്ഠ ബീമാ യോജനയിൽ ചേരുന്നവർക്ക് 60 വയസു കഴിഞ്ഞവർക്ക് കുറഞ്ഞത് 8 ശതമാനം പലിശ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും അംഗീകരിച്ചു. കോഴിക്കോട് ഐഐഎം ഉൾപ്പടെ എല്ലാ ഐഐഎമ്മുകളെയും ദേശീയ പ്രാധാന്യമുള്ള കേന്ദ്രങ്ങളായി പ്രഖ്യാപിക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. നിലവിൽ സൊസൈറ്റി നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഐഐഎമ്മുകൾ ഡിപ്ളോമയും ഫെല്ലോ സർട്ടിഫിക്കറ്റുകളുമാണ് നല്കുന്നത്. പുതിയ തീരുമാനത്തിലൂടെ ബിരുദം നല്കാൻ ഐഐഎമ്മുകൾക്ക് കഴിയും.
