മൂര്‍ഖനുമായെത്തിയ രാമയ്യ എന്ന പാമ്പാട്ടി പ്രകടനം നടത്തുന്നതിനിടെയാണ് ജഗദീശ് സുഹൃത്തുക്കളുമായി അവിടെയെത്തിയത്. രാമയ്യ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ജഗദീശ് പാമ്പിനെ കഴുത്തില്‍ ഇട്ടത്

ഹൈദരാബാദ് : പാമ്പാട്ടിയുടെ വാക്കുകേട്ട് മൂര്‍ഖന്‍ പാമ്പിനെ കഴുത്തിന് ചുറ്റിയ യുവാവ് കടിയേറ്റ് മരണപ്പെട്ടു. ഇരുപത്തിനാലുകാരനായ ജഗദീശാണ് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പാമ്പാട്ടി രാമയ്യയ്‌ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ആന്ധ്രാപ്രദേശ് നെല്ലൂരിലെ മംഗലംപാടില്‍ തിങ്കളാഴ്ചയാണ് സംഭവം.

മൂര്‍ഖനുമായെത്തിയ രാമയ്യ എന്ന പാമ്പാട്ടി പ്രകടനം നടത്തുന്നതിനിടെയാണ് ജഗദീശ് സുഹൃത്തുക്കളുമായി അവിടെയെത്തിയത്. രാമയ്യ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ജഗദീശ് പാമ്പിനെ കഴുത്തില്‍ ഇട്ടത്. ഇതിനിടെ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. ജഗദീശ് പാമ്പിനെ കഴുത്തില്‍ ചുറ്റുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. 

ഈ വീഡിയോയില്‍ ജഗദീശ് ആദ്യം പാമ്പിനെ കൈയില്‍ പിടിക്കുന്നതും അടുത്തു നില്‍ക്കുന്നവരുടെ നേരെ ഭയപ്പെടുത്താനായി ചെല്ലുന്നതും കാണാം. പിന്നീട് രാമയ്യ പാമ്പിനെ കഴുത്തിലിടാന്‍ ജഗദീശിനെ നിര്‍ബന്ധിക്കുന്നതും കാണാം.

ആഴ്ചകള്‍ക്ക് മുമ്പ് പാമ്പിന്റെ വിഷം നീക്കിയിരുന്നതാണെന്നും വിഷമില്ലെന്ന ധാരണയിലാണ് കഴുത്തിലിടാന്‍ നിര്‍ബന്ധിച്ചതെന്നും രാമയ്യ പറഞ്ഞു. രാമയ്യ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാമയ്യയ്‌ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.