ഇന്ന് നിരോധിച്ചത് 51 ബ്രാന്‍ഡുകള്‍ ഏറ്റവുമധികം വ്യാജന്മാരുള്ളത് 'കേര'യ്ക്ക്

കോഴിക്കോട്: ഇനി മുതല്‍ എല്ലാ വെളിച്ചെണ്ണ കമ്പനികള്‍ക്കും ബ്രാന്‍ഡഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പുതിയ നീക്കം. സംസ്ഥാനത്ത് മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പന വ്യാപകമായതിനെ തുടര്‍ന്ന് നിയന്ത്രണ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. 

ഓരോ കമ്പനികളും അതാത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസിലെത്തി ഉടന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 13 വരെയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി സമയമനുവദിച്ചിരിക്കുന്നത്. ഓരോ കമ്പനിക്കും നാല് ബ്രാന്‍ഡുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. അതേസമയം ബ്രാന്‍ഡഡ് അല്ലാത്ത വെളിച്ചെണ്ണ ഇനി വിപണിയില്‍ കണ്ടാല്‍ കടുത്ത നിയമനടപടി ഉറപ്പ്. 

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ നിലവിലുള്ള ബ്രാന്‍ഡുകളുടെ വ്യാജന്മാരായി വിപണിയില്‍ വിലസുന്നവരുടെ കച്ചവടവും പൂട്ടും. 51 ബ്രാന്‍ഡുകളാണ് ഗുണനിലവാരമില്ലെന്ന കാരണത്താല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്. ഇതില്‍ 22 ബ്രാന്‍ഡുകളും സര്‍ക്കാര്‍ ബ്രാന്‍ഡായ 'കേര'യുടെ മറവിലായിരുന്നു വിറ്റഴിച്ചിരുന്നത്. ജൂണ്‍ ഒന്നിന് 45 ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണയും നിരോധിച്ചിരുന്നു. ഇതിലും 'കേര'യ്ക്കായിരുന്നു കൂടുതല്‍ വ്യാജന്മാര്‍.

കേരളത്തിന് പുറത്തുനിന്ന് ടാങ്കറില്‍ കൊണ്ടുവന്ന് കേരളത്തിനകത്ത് പാക്ക് ചെയ്യുന്ന വെളിച്ചെണ്ണകളിലാണ് കൂടുതലായും മായം കണ്ടെത്തിയിരുന്നത്. ഇത്തരം വെളിച്ചെണ്ണയില്‍ 60 ശതമാനം വരെ ഗുണനിലവാരമില്ലാത്ത എണ്ണ ചേര്‍ത്താണ് വില്‍ക്കുന്നതെന്നാണ് കണ്ടെത്തല്‍.