വയനാട്: ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായതോടെ വയനാട്ടില്‍ കാപ്പി വിളവെടുപ്പ് പ്രതിസന്ധിയില്‍. വലിയ തോട്ടങ്ങളില്‍ കാപ്പി പഴുത്ത് വീണുപോകുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് കര്‍ഷകര്‍. ഡിസംബര്‍ ആദ്യവാരം തന്നെ വിളവെടുപ്പ് ആരംഭിച്ചിട്ടും ജനുവരി പകുതിയായിട്ടും പല തോട്ടങ്ങളിലും തൊഴിലാളികളെത്തിയിട്ടില്ല. കാര്‍ഷിക മേഖലയില്‍ ഓരോ വര്‍ഷവും തൊഴിലാളികള്‍ കുറഞ്ഞുവരികയാണ്. കൊയ്ത്ത് പൂര്‍ണമായും യന്ത്രത്തിലായെങ്കിലും കാപ്പിയും കുരുമുളകും അടക്കമുള്ളവയുട വിളവെടുപ്പിന് തൊഴിലാളികള്‍ കൂടിയെ തീരു.
ഒരേക്കറിലധികം വരുന്ന കാപ്പിത്തോട്ടങ്ങളില്‍ തൊഴിലാളികളില്ലാതെ വിളവെടുപ്പ് നടക്കില്ലെന്നതാണ് സ്ഥിതി. സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി എന്നിവിടങ്ങളിലെ തോട്ടങ്ങളിലാണ് കാപ്പിക്കുരു പഴുത്ത് ഉണങ്ങി വീഴുന്നത്. മഴയില്ലാത്തതിനാല്‍ ഇപ്പോള്‍ വിളവെടുത്താലെ ശരിയായി ഉണക്കിയെടുക്കാനാകു. അതിനാല്‍ പല തോട്ടങ്ങളിലും ഉടമസ്ഥര്‍ തന്നെ ആഴ്ചകള്‍ മിനക്കെട്ട് കാപ്പി ശേഖരിക്കുകയാണ്. ഇത്തവണ കാപ്പി താരതമ്യേന കുറവാണ്. കുരുമുളകിന്റെ സ്ഥിതിയും മറിച്ചല്ല. അതേ സമയം ഉള്ളതാകട്ടെ സമയത്തിന് പറിച്ചെടുക്കാനും കഴിയുന്നില്ല.
അടക്കക്ക് വിലയുണ്ട്, വിളവില്ല
142 രൂപ വരെ ഇത്തവണ ഒരു കിലോ പൈങ അടക്ക (പൂര്‍ണമായും മൂക്കാത്ത അടക്ക)ക്ക് ലഭിച്ചു. പക്ഷേ വിളവാകട്ടെ കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും തീരെ കുറഞ്ഞു പോയെന്നാണ് കര്‍ഷകരുടെ ആവലാതി. അടക്ക പറിക്കാനും ആളെ കിട്ടാത്ത സ്ഥിതിയാണ്. പലരും ജോലി തന്നെ നിര്‍ത്തി ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയതാണ് തിരിച്ചടിയായത്. പറിച്ചെടുത്ത അടക്ക പെട്ടെന്ന് പൊളിച്ച് വിപണിയിലെത്തിച്ചില്ലെങ്കില്‍ തൂക്കവും കുറഞ്ഞു പോകും. എന്നാല്‍ ഒരു കിലോക്ക് 15 രൂപ വരെ നല്‍കിയിട്ടും പൊളിക്കാന്‍ ആള്‍ക്ഷാമമാണ്.
