മലേഗാവ് സ്ഫോടനക്കേസ് പ്രതി കേണൽ ശ്രീകാന്ദ് പ്രസാദ് പുരോഹിത് സൈന്യത്തിൽ തിരിച്ചെത്തുന്നു. ഒൻപതുവർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ പുരോഹിത് മുംബൈ കൊളാബയിലെ സൈനികകേന്ദ്രത്തിൽ എത്തി. സൈന്യത്തിൽ തിരികെ പ്രവേശിച്ചെങ്കിലും നിലവിൽ സസ്പെൻഷനിലായ പുരോഹിതിന് ചുമതലകൾ നൽകില്ല.
നവി മുംബൈയിലെ തലോജ ജയിലിൽനിന്നും നിരവധി സൈനിക വാഹനങ്ങളുടെയും ദ്രുതകർമ്മ സേനാ വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിനെ കൊളാബയിലെ സൈനീക കേന്ദ്രത്തിൽ എത്തിച്ചത്. സൈന്യത്തിൽ തിരികെ കയറാൻ മോഹമുണ്ടെന്ന് കേണൽ പുരോഹിത് ജാമ്യം കിട്ടിയ ഉടനെ വ്യക്തമാക്കിയിരുന്നു. ആർമിയിൽ തിരിച്ചെത്തുമെങ്കിലും നിലവിൽ സസ്പെൻഷനിലായ പുരോഹിതിന് ചുമതലയൊന്നും നൽകില്ല. പുരോഹിതിന്റെ പ്രവർത്തനങ്ങൾ പട്ടാള ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ചെയ്യും. ഇന്റലിജൻസ് ഓഫീസറായിരിക്കെയാണ് മാലേഗാവ് സ്ഫോടനക്കേസിൽ 2008ൽ പുരോഹിത് അറസ്റ്റിലാകുന്നത്. പുരോഹിതിന് ഭീകരബന്ധം ഉണ്ടോയെന്ന കാര്യത്തിൽ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണവും നടന്നിരുന്നു. ഇതൊക്കെ പരിഗണിച്ചായിരിക്കും പുരോഹിതിന്റെ കാര്യത്തിൽ സൈന്യം അന്തിമ തീരുമാനം കൈക്കൊള്ളുക.
മലേഗാവ് സ്ഫോടനക്കേസിന്റെ സൂത്രധാരനാണ് എ.ടി.എസ്സും പിന്നീട് എൻ.ഐ.എയും കണ്ടെത്തിയ പുരോഹിതിന് ബോംബെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നില്ല. പിന്നീട് സുപ്രീംകോടതിയാണ് എൻ.ഐ.എയുടെയും എ.ടി.എസ്സിന്റെയും കുറ്റപത്രത്തിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ തിങ്കളാഴ്ച പുരോഹിതിന് ജാമ്യം അനുവദിച്ചത്.
2008 സെപ്തംബറിൽ മാലേഗാവിലെ ഹമിദിയ പള്ളിക്ക് മുന്നിൽ നടന്ന സ്ഫോടനത്തിൽ ആറുപേർ മരിക്കുകയും 76 പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അഭിനവ് ഭാരത് എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നും കേണൽ പുരോഹിത് അഭിനവ് ഭാരതിലെ പ്രധാന അംഗമാണെന്നും കേസ് ആദ്യം അന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു.
