ദില്ലി: കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോള, ഇന്‍സ്റ്റന്‍റ് ജങ്ക് ഭക്ഷണ സാധനങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്ക് വിലക്ക്. കാര്‍ട്ടൂണ്‍ ചാനലുകളില്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് നിരോധിച്ചത്. ഇതുസംബന്ധിച്ച് വിവരസാങ്കേതിക സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് പാര്‍ലമെന്‍റിലാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണശീലം കുറച്ചു കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇത്തരം ഭക്ഷണസാധനങ്ങളോടുള്ള പ്രിയം പരസ്യങ്ങള്‍ കൂട്ടുമെന്നതിനെ തുടര്‍ന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും, ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കാര്‍ട്ടൂണ്‍ ചാനലുകളുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം ജങ്ക് ഫുഡുകളുടെയും, കോളയുടെയും പരസ്യങ്ങളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഗര്‍ഭ നിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്രം വിലക്കിയിരുന്നു.
ഇത്തരം പരസ്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച പശചാത്തലത്തിലായിരുന്നു പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.
