ദില്ലി: തമിഴ്‌നാട്ടിലെ കുളച്ചിലില്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കുളച്ചിലില്‍ തുറമുഖം വരുന്നതു വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തിരിച്ചടിയാകും. കര്‍ഷകര്‍ക്കു ഹൃസ്വകാല വായ്പകള്‍ നല്‍കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുമതിയായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ കുളച്ചിലില്‍ അന്താരാഷ്ട്ര തുറമുഖത്തിന്റെ ആവശ്യമില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം. 35 കിലോമീറ്റര്‍ മാത്രം വ്യത്യാസമുള്ള രണ്ടു തീരങ്ങളില്‍ തുറമുഖത്തിന് ഏറ്റവും അനുയോജ്യം വിഴിഞ്ഞം തന്നെയായിരുന്നു. വിഴിഞ്ഞം തുറമുഖനിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണു കുളച്ചിലിന് കൂടി ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തുറമുഖ കവാടമാകാനുള്ള വിഴിഞ്ഞത്തിന്റെ സാധ്യതയ്ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. കുളച്ചിലിനു വേണ്ടി ഏറെ നാളായി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ശക്തമാക്കിവരികയായിരുന്നു. ജയലളിത സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴിങ്ങിയാണു കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. എഐഎഎഡിഎംകെ - ബിജെപി ബന്ധം മെച്ചപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കര്‍ഷകര്‍ക്ക് ഹൃസ്വകാല വായ്പകള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബോബെ ഹൈക്കോടതിയുടെ പേരു മുംബൈ ഹൈക്കോടതി എന്നും കല്‍കട്ട ഹൈക്കോടതിയുടെ പേര് കൊല്‍ക്കത്ത ഹൈക്കോടതി എന്നും മദ്രാസ് ഹൈക്കോടതിയുടെ പേര് ചെന്നൈ ഹൈക്കോടതി എന്നാക്കി മാറ്റാനും മന്ത്രിസഭ തീരുമാനമെടുത്തു.