ദുബായ്: ശക്തമായ ശീതക്കാറ്റില്‍ മലയും മരുഭൂമിയും തണുത്ത് വിറക്കുന്നു. തെക്കന്‍ ഇറാനില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് യു.എ.ഇയിലും വടക്കന്‍ ഒമാനിലും ശക്തമായ കാറ്റിന് ഇടയാക്കിയത്.

രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. വിവിധ എമിറേറ്റുകളില്‍ പരക്കെ മഴയുമുണ്ടായി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.2 മിലലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ശക്തമായ പൊടിക്കാറ്റ് വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ദുബായി അടക്കമുള്ള സ്ഥലങ്ങളില്‍ വാഹനാപകടങ്ങള്‍ ഉണ്ടായി. പല സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ കാറ്റില്‍ തകര്‍ന്ന് വീണു. ചില പ്രദേശങ്ങളില വൃക്ഷങ്ങള്‍ കടപുഴകാനും കാറ്റ് വഴിവെച്ചു.

മഴയും ശക്തമായ കാറ്റും കാരണം രാജ്യത്തെ താപനില ഗണ്യമായി കുറഞ്ഞു. റാസല്‍ഖൈമയില്‍ 18 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിലായിരുന്നു ശരാശരി താപനില. മറ്റിടങ്ങളില്‍ 20 ഡിഗ്രിക്ക് താഴെയായിരുന്നു.

കാഴ്ചാപരിധി കുറയുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടലില്‍ പോകരുതെന്നും രാത്രി കടലില്‍ തങ്ങരുതെന്നും കിഴക്കന്‍ തീരദേശ നഗരങ്ങളിലെ മീന്‍പിടിത്തക്കാരുടെ സംഘടന അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍നിന്ന് വിട്ടുനില്‍ക്കാനാണ് നിര്‍ദേശം. തിരമാലകള്‍ക്ക് 15 അടി വരെ ഉയരമുണ്ടായിരിക്കുന്നതിനാല്‍ കടലിന് സമീപത്തേക്ക് പോകരുതെന്ന് എന്‍.സി.എം.എസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയോടെ കാറ്റിന്റെ ശക്തി കുറയുമെന്നും അന്തരീക്ഷ ഊഷ്മാവില്‍ വര്‍ധനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണഭൂകമ്പശാസ്ത്ര കേന്ദ്രം അറിയിച്ചു.