മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പൊളിക്കണമെന്ന് കളക്ടര്‍. അറിയിപ്പ് തിങ്കളാഴ്ച സ്ഥലമുടമയ്ക്ക് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ചാണ് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് ആര്‍ഡിഒ വ്യക്തമാക്കുന്നു.
ചീങ്കണ്ണിപ്പാലയില്‍ റോപ്പ്‌വേയും തടയണയം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു. നേരത്തെ, പി വി അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ പി രാമകൃഷ്ണന്‍ വിശദീകരണം തേടുമെന്ന് അറിയിച്ചിരുന്നു.
പരിസ്ഥിതി സമിതി അംഗമായിരിക്കെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന ഗുരുതര ആരോപണത്തിന് വിധേയനായതിനെ തുടര്‍ന്നാണ് സ്പീക്കര്‍ എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെടുക. പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന ഗുരുതര ആരോപണത്തിന് വിധേയനായ അന്‍വറിനെ കേരള നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു. പി വി അന്‍വര്‍ സമിതിയില്‍ തുടരുന്നത് നിയമസഭയുടെ അന്തസിന് കോട്ടമാണെന്നും സുധീരന്‍ കത്തില്‍ ആരോപിച്ചു.
