നിലമ്പൂര്‍: മലപ്പുറം ഐഎഫ്എഫ്‌കെ നിലമ്പൂര്‍ ചലചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന് കളക്ടറുടെ വിലക്ക്. ചടങ്ങ് തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് ഐഎഫ്എഫ്‌കെ നിലമ്പുര്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്. ചലചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചടങ്ങ് തെരഞ്ഞെടുപ്പ് ചട്ടത്തിന്എതിരാണെന്നാണ് ലീഗിന്റെ പരാതി.

നിലമ്പുര്‍ മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടില്ലെങ്കിലും തെരഞ്ഞെടുപ്പ് ചട്ടം ജില്ലയിലാകെ ബാധകമാണ്. അതിനാല്‍ ചടങ്ങ് നടത്തരുതെന്ന് സംഘാടകരെ അറിയിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. മേള നടത്തുന്നതിന് തടസമില്ല.

എന്നാല്‍ സംഘാടകസമിതി അംഗമെന്ന നിലയില്‍ മേളയില്‍ പങ്കെടുക്കുമെന്ന് കമല്‍ അറിയിച്ചു. മറ്റു കാര്യങ്ങലെക്കുറിച്ചൊന്നും തനിക്കറിയില്ല.മലപ്പുറത്ത് മല്‍സരിക്കാനില്ലെന്നും കമല്‍ വ്യക്തമാക്കി. മലപ്പുറത്ത് കുഞ്ഞാലിക്കുക്കെതിരെ ഇടതുപക്ഷം കമലിനെ രംഗത്തിറക്കുമെന്ന നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് നടത്തരുതെന്ന ലീഗിന്റെ പരാതി ഈ സാഹചര്യങ്ങല്‍ മുന്നില്‍ കണ്ടാണെന്നു വ്യക്തമാണ്.