വെടിക്കെട്ടിനെതിരെ ഗൂഡാലോചന നടക്കുന്നതായി സംശയമെന്ന് പാറേമേക്കാവ് ദേവസ്വം

തൃശൂർ: പാറേമേക്കാവ് ദേവസ്വത്തിന് ജില്ലാ കളക്ടറുടെ നോട്ടിസ്. സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് നിലത്ത് വീണ് പൊട്ടി 6 പേർക്ക് പരിക്കേറ്റതിൽ വിശദീകരണം നൽകണമെന്ന് നോട്ടീസ്. വെടിക്കെട്ട് അവശിഷ്ടങ്ങളിൽ നിന്ന് അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകൾ കണ്ടെത്തിയിരുന്നു. ദേവസ്വം സെക്രട്ടറി വൈകീട്ട് 5 മണിക്ക് കളക്ടർക്ക് മുമ്പിലെത്തി വിശദീകരണം നൽകണമെന്നും നോട്ടീസില്‍ നിര്‍ദേശം.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ വെടിക്കെട്ടിൽ നിന്ന് അമിട്ട് ഒഴിവാക്കാൻ സാധ്യതയെന്നും സൂചന.അതേസമയം വെടിക്കെട്ടിനെതിരെ ഗൂഡാലോചന നടക്കുന്നതായി സംശയമെന്ന് പാറേമേക്കാവ് ദേവസ്വം ആരോപിച്ചു. പാറേമേക്കാവിന്റെ സാമ്പിൾ വെടിക്കെട്ടിനിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തിടുക്കപ്പെട്ട് നടത്തിയ ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ദേവസ്വം സെക്രട്ടറി രാജേഷ് പ്രതികരിച്ചു.