വയനാട്ടിലെ മുഴുവൻ മിച്ചഭൂമിയും പിടിച്ചെടുക്കുമെന്ന് ജില്ലാ കളക്ടർ മക്കിമലയിലെ പട്ടയം തട്ടിയെടുത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കളക്ടര്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമാഫിയ കയ്യേറിയ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കുറുമ്പാലക്കോട്ടയില്‍ നാളെ മുതല്‍ പത്തുപേരടങ്ങുന്ന സംഘം സര്‍വെ ആരംഭിക്കും. മക്കിമലയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മാനന്തവാടി തഹസില്‍ദാരോട് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കുറുമ്പാലക്കോട്ടയിലെ മിച്ചഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന് പ്രാഥമികപരിശോധനയില്‍ റവന്യു വകുപ്പിന് വ്യക്തമായിരുന്നു. ഇത് തിരികെയെടുക്കാനുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നത്. പത്തു സര്‍വെയര്‍മാരടങ്ങുന്ന സംഘത്തെ കോട്ടത്തറ വില്ലേജില്‍ കുറുമ്പാലക്കോട്ടയിലെ സര്‍വെക്ക് നിയോഗിച്ചുകോണ്ട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിറക്കി. ജില്ലാ സര്‍വെ സൂപ്രണ്ടിനാണ് ചുമതല നാളെ മുതല്‍ സര്‍വെ ആരംഭിക്കും. 

സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മക്കിമലയിലേത് കുറുമ്പാലക്കോട്ടയിലെ കയ്യേറ്റത്തെക്കാല്‍ ഗൗരവമുള്ളതാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. ഇവിടെ 1000ഏക്കറിലധികം ഭൂമിയുള്ളതിനാല്‍ സര്‍വെനടപടികള്‍ക്കായി 30പേരെങ്കിലും വേണമെന്നാണ് കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 

കുറുമ്പാലക്കോട്ടയിലെ സര്‍വെക്കുശേഷം സംഘത്തെ മക്കിമലയിലേക്ക് നിയോഗിക്കാനാണ് തീരുമാനം. ഇതിനിടെ മക്കിമലയിലെ ആദിവാസികളുടെ പട്ടയഭൂമി തട്ടിയെടുത്തെന്ന വാര്‍ത്തയിലും നടപടി ആരംഭിച്ചു. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ മാനന്തവാടി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തഹസില്‍ദാരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.