ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി പാലക്കാട് ധോണിയിലെ ലീഡ് കോളജ് ഓഫ് മാനെജ്മെന്‍റില്‍ എംബിഎ ഒന്നാം വര്‍ഷ കോഴ്സില്‍ ചേര്‍ന്നത്. മുപ്പതിനായിരം രൂപ പ്രവേശന ഫീസ് അടയ്ക്കാനുള്ളതില്‍ അയ്യായിരം രൂപ ആദ്യഘട്ടമായി അടച്ചു. 

എന്നാല്‍ ജൂണ്‍ മാസം 28ന് ഹോസ്റ്റലില്‍ നിന്നും കുട്ടി വീട്ടിലേക്ക് പോന്നു. കോളജിലെ അന്തരീക്ഷം ഇഷ്ടപ്പെടാത്തതിനാല്‍ തുടര്‍ന്ന് ഇവിടെ പഠിക്കാന്‍ താല്‍പര്യമില്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വേണമെന്നും ആവശ്യപ്പെട്ട് പിതാവ് കോളജില്‍ അപേക്ഷ നല്‍കി. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിക്കുമ്പോള്‍ അഡ്മിഷന്‍ ഫീസ് മുഴുവന്‍ അടയ്ക്കാതെ തരാന്‍ ആവില്ലെന്ന വിചിത്രമായ മറുപടിയാണ് കോളജ് അധികൃതര്‍ നല്‍കുന്നത്. സാമ്പത്തികപ്രയാസം നേരിടുന്ന കുടംബത്തിന് 25000 രൂപ കൂടി അടച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. 

സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കാത്തതിനാല്‍ മറ്റ് കോളജുകളില്‍ ചേരാനും നിവൃത്തിയില്ലാതായി. കോളജ് അധികൃതരുടെ പിടിവാശി മകളുടെ ഭാവി അവതാളത്തിലാക്കുമെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും അടക്കം പരാതി നല്‍കിയിരിക്കുകയാണ് പിതാവ്.