കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്പ് വരെ കർണാടകത്തിന്‍റെ വഖഫ് ബോർഡ്, ന്യൂനപക്ഷക്ഷേമ മന്ത്രിയായിരുന്നു ഖമറുൾ ഇസ്ലാം. അതായത് സംഭവം നടന്ന മെയ് മാസത്തിൽ സംസ്ഥാനത്തെ മന്ത്രിയായിരുന്നു കോളേജ് പ്രസിഡന്റ്. മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയായ അശ്വതി നൽകിയ റാഗിങ് പരാതിയെപ്പറ്റി ചോദിച്ചപ്പോൾ കൂട്ടുകാരായ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു കുട്ടിയെ ഫീനോള്‍ കുടിപ്പിച്ചെന്നും അക്കാര്യം അറിഞ്ഞ ഉടനെ ഏറ്റവും നല്ല ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

സംഭവം അറിഞ്ഞിട്ടും പൊലീസ് നടപടി എന്തു കൊണ്ട് ഉറപ്പാക്കിയില്ല എന്ന് ചോദിച്ചപ്പോഴും നടന്നത് റാഗിങ് തന്നെയെന്ന് വീണ്ടും സ്ഥിരീകരിക്കുന്ന പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്. കോളേജ് അധികാരികളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചില്ലേയെന്ന ചോദ്യം ആവർത്തിച്ചപ്പോൾ അശ്വതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്ന് പറഞ്ഞ് തടിയൂരാനായിരുന്നു മുൻ മന്ത്രിയുടെ ശ്രമം. കർണാടകയിലെ വിവിധയിടങ്ങളിലായി എഞ്ചിനിയറിംഗ്, നഴ്സിംഗ് കോളേജുകളടക്കംളായി പതിമൂന്ന് സ്ഥാപനങ്ങളാണ് ഖമറുൾ ഇസ്ലാമിന്‍റെ ഉടമസ്ഥതയിലുള്ളത്.ഇവിടെ ഒരിടത്തും ആന്‍റി റാഗിങ് സെൽ പ്രവർത്തിക്കുന്നില്ലെന്ന് ഖമറുൾ ഇസ്ലാം തുറന്ന് സമ്മതിച്ചു. ഈ സംഭവത്തിന് ശേഷം ഇവിടെയെല്ലാം ആന്‍റി റാഗിങ് സെൽ തുടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.