ബലാൽസംഘം ചെയ്യുന്ന ദൃശ്യം പകർത്തിയെന്നാരോപണം യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു പ്രതിഷേധവുമായി വീട്ടുകാരും നാട്ടുകാരും പരാതിയുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്
പത്തനംതിട്ട: വീട്ടമ്മയെ ബലാൽസംഘം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പത്തനംതിട്ട പന്തളത്ത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോളേജ് വിദ്യാർത്ഥിയായ നെടുങ്ങോട്ട് മെബിൻ വില്ലയിലെ മെബിനെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ വിദ്യാർത്ഥിക്കെതിരെ ചുമത്തിയത് കള്ളകേസാണെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി.
ജുലായ് 19 ന് വൈകുന്നേരമാണ് മെബിനെ രണ്ട് പൊലീസുകാർ വീട്ടിൽ വന്ന് വിളിച്ച് കൊണ്ട് പോയത്. തോന്നല്ലൂർ സ്വദേശിയായ വീട്ടമ്മയെ ഒരാൾ ബലാൽസംഗം ചെയ്തുവെന്നും ഈ ദൃശ്യങ്ങൾ മെബിൻ ഫോണിൽ പകർത്തിയെന്നുമായിരുന്നു കേസ്. എന്നാൽ പീഡിപ്പിച്ചുവെന്ന് പറയുന്ന ജൂൺ 13 ന് മെബിൻ വീട്ടിലുണ്ടായിരുന്നവെന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു.
ആളുമാറിയാണ് മെബിനെ അറസ്റ്റ് ചെയ്തതെന്നാണ് ഇവരുടെ ആരോപണം. ബലാൽസംഘം ചെയ്തെന്ന് പറയുന്ന ആളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. പരാതിക്കാരിയുടെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചാൽ സത്യം വെളിപ്പെടുമെന്നും ഇവർ പറയുന്നു.
മെബിനെ കള്ളക്കേസിൽപെടുത്തുകയാണെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.എന്നാൽ പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞതുകൊണ്ടാണ് അറസ്റ്റെന്നാണ് പൊലീസ് വിശദീകരണം. മറ്റ് പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പന്തളം സിഐ അറിയിച്ചു.
