അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഇന്‍ഡിഗോ വിമാനവും സ്‌പൈസ്‌ജെറ്റുമാണ് കഴിഞ്ഞ ദിവസം വന്‍ അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് 142 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ സ്പൈസ് ജെറ്റ് വിമാനം റണ്‍വേയുടെ ബാക്ക്ട്രാക്കില്‍ എത്തി. എന്നാല്‍ റണ്‍വേയില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ഇതിനു തൊട്ടു മുമ്പ് ഇറങ്ങേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം ഇറങ്ങാന്‍ വൈകിയിരുന്നു. റണ്‍വേയില്‍ മുയലുകളെ കണ്ടതോടെയാണ് ഇന്‍ഡിഗോ ലാന്‍ഡ് ചെയ്യാന്‍ വൈകിയത്.

എന്നാല്‍ ഇത് ശ്രദ്ധിക്കാതെ സ്‌പൈസ് ജെറ്റിന് റണ്‍വേയിലേക്ക് പുറപ്പെടാന്‍ എയര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദേശം നല്‍കി. ഈ സമയം റണ്‍വേയില്‍ ഇന്‍ഡിഗോ ഇറങ്ങിയിരുന്നു. വിമാനം ടാക്‌സി ട്രാക്ക് വിട്ടെങ്കിലും വിമാനത്തിന്റെ ഒരു ഭാഗം റണ്‍വേയില്‍ തന്നെയായിരുന്നു.

സെക്കന്റുകള്‍ക്കുള്ളില്‍ പിഴവ് മനസ്സിലാക്കിയ കണ്‍ട്രോളര്‍ സ്‌പെസ്‌ജെറ്റ് പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ കൂടി വൈകിയിരുന്നെങ്കില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടയിടിച്ച് വന്‍ദുരന്തത്തിന് രാജ്യം സാക്ഷിയാകേണ്ടി വന്നേനെ.