ബ്രസീല്‍ ലോകകപ്പിലെ റോഡ്രിയുടെ പ്രകടനം കണ്ടവര്‍ക്ക് ഇത് സഹിക്കാനാവില്ല
മോസ്കോ: ലോകകപ്പ് പ്രീക്വാര്ട്ടറില് ഇംഗ്ലണ്ടിനെതിരെ കൊളംബിയ പൊരുതുമ്പോൾ ഗാലറിയിലെ ശ്രദ്ധാകേന്ദ്രം സൂപ്പർ താരം ഹാമിഷ് റോഡ്രിഗസായിരുന്നു. നാലുവർഷത്തിനിപ്പുറം ഇംഗ്ലണ്ടിനെതിരെ മറ്റൊരു പ്രീക്വാർട്ടറിന് ഇറങ്ങിയപ്പോൾ പകരക്കാരുടെ നിരയിൽപ്പോലും ഹാമിഷ് റോഡ്രിഗസ് ഉണ്ടായിരുന്നില്ല.
പരുക്ക് ചതിച്ചപ്പോൾ ഗാലറിയിലായിരുന്നു 2014 ലോകകപ്പിലെ ടോപ് സ്കോററുടെ സ്ഥാനം. ബ്രസീൽ ലോകകപ്പിലെ മിന്നുംതാരത്തിന് പരിക്ക് വില്ലനായപ്പോള് ഇംഗ്ലണ്ട് ഒന്ന് ആശ്വസിച്ചുകാണുമെന്നുറപ്പ്. എന്നാല് കളിയുടെ ഗതിവിഗതികൾ റോഡ്രിഗസിന്റെ മുഖത്തുനിന്ന് അറിയാമായിരുന്നു. കൊളംബിയയുടെ ഓരോ മുന്നേറ്റത്തിലും ആർപ്പുവിളിച്ചു. അവസരങ്ങൾ പാഴാക്കിയപ്പോൾ മറ്റാരേക്കാളും നിരാശനായി.
കളി എക്സ്ട്രാടൈമിലേക്ക് നീണ്ടപ്പോൾ കൂട്ടുകാർക്ക് ആവേശംപകരാൻ ഓടിയെത്തി. ഷൂട്ടൗട്ടിന്റെ മുൾമുനയിൽ റോഡ്രിഗസും ചേര്ന്നു. എറിക് ഡെയറുടെ കിക്ക് ഓസ്പിനയെ കീഴടക്കിയപ്പോൾ റോഡ്രിഗസിന് സഹിക്കാനായില്ല. ബ്രസീലിൽ ആറുഗോൾ നേടിയ റോഡ്രിഗസ് റഷ്യയിൽ ഒറ്റഗോൾ
നേടാതെ, കാഴ്ചക്കാരാനായി മടങ്ങി. ഒപ്പം ഗാലറിയില് ഉതിര്ന്നുവീണ കൊളംബിയയുടെ കണ്ണീരുമായി. ആ കാഴ്ച്ച ആരാധകരെയും സങ്കടത്തിലാക്കി.
