റോഡ്രിഗസാവും കൊളംബിയന്‍ നിരയില്‍ ശ്രദ്ധാകേന്ദ്രമെന്നതില്‍ സംശയമുണ്ടാവില്ല. 2018 ലോകകപ്പിനായി കൊളംബിയ റഷ്യയിലേക്കെത്തുന്നത് ജോസെ പെക്കര്‍മാന്റെ ശിക്ഷണത്തില്‍ തന്നെയാണ്.
അനേകം ഇതിഹാസങ്ങളുടെ പെരുമ പറയാനുളള കൊളംബിയ 2014 ബ്രസീല് ലോകകപ്പിന് യോഗ്യത നേടിയത് 16 വര്ഷങ്ങള്ക്ക് ശേഷം ഒരുപാട് വിയര്പ്പൊഴുക്കിയായിരുന്നു. എന്നാല് ബ്രസീല് ലോകകപ്പ് കണ്ടത് അവരുടെ ഉയര്ത്തിഴുന്നേല്പ്പായിരുന്നു. കൊളംബിയന് പുതുതലമുറയുടെ പോരാട്ടവീര്യം കണ്ട് ലോകം പറഞ്ഞു 'പഴയ കൊളംബിയ പുനര്ജനിച്ചിരിക്കുന്നു. ലാറ്റിനമേരിക്കന് ടീമായ കൊളംബിയയെ കുറിച്ച് അനൂപ് പിള്ള എഴുതുന്നു.
എന്. എസ് മാധവന് എഴുതിയ ഹിഗ്വിറ്റ വായിച്ചറിഞ്ഞ മലയാളികള്ക്ക് മുന്പില് കൊളംബിയന് ഫുട്ബോളിന്റെ വീരഗാഥകളെപ്പറ്റിയും വീര നായകരെപ്പറ്റിയും പറയുന്നത് തന്നെ അര്ഥശൂന്യമാണെന്നറിയാം. എന് എസ് മാധവന്റെ ഹിഗ്വിറ്റയിലെ മുഖ്യ കഥാപാത്രമായ ഗീവര്ഗീസച്ചന് കഥയിലുടനീളം പെരുമാറുന്നത് റെനെ ഹിഗ്വിറ്റയെന്ന ലോകം കണ്ട ഏറ്റവും ശക്തനായ കൊളംബിയന് ഗോളിയുടെ കേളീ ശൈലിയിലാണ്. ഗോള്മുഖം വിട്ടിറങ്ങി അപകടകരമായി കളിക്കുന്ന അദ്ദേഹത്തെ ലോകം വിശേഷിപ്പിച്ചത് തന്നെ ഏറ്റവും ഭയരഹിതനായ ഫുട്ബോളര് എന്നാണ്. ഹിഗ്വിറ്റയെ പോലെ തന്നെ കൊളംബിയ ഫുട്ബോള് ലോകത്തിന് സമ്മാനിച്ച മറ്റൊരു വിസ്മയമായിരുന്നു കാര്ലോസ് വാല്ഡറാമ.
ഇത്തരത്തില് അനേകം ഇതിഹാസങ്ങളുടെ പെരുമ പറയാനുളള കൊളംബിയ 2014 ബ്രസീല് ലോകകപ്പിന് യോഗ്യത നേടിയത് 16 വര്ഷങ്ങള്ക്ക് ശേഷം ഒരുപാട് വിയര്പ്പൊഴുക്കിയായിരുന്നു. എന്നാല് ബ്രസീല് ലോകകപ്പ് കണ്ടത് അവരുടെ ഉയര്ത്തിഴുന്നേല്പ്പായിരുന്നു. കൊളംബിയന് പുതുതലമുറയുടെ പോരാട്ടവീര്യം കണ്ട് ലോകം പറഞ്ഞു 'പഴയ കൊളംബിയ പുനര്ജനിച്ചിരിക്കുന്നു.' നാല് വര്ഷങ്ങള്ക്കിപ്പുറം 2018 ല് കൊളംബിയന് ടീം റഷ്യന് മണ്ണില് വീണ്ടുമൊരു ലോക പോരാട്ടത്തിനിറങ്ങുമ്പോള് കളി നിരീക്ഷകര് പറയുന്നു 'സൂക്ഷിക്കുക… കാരണം ഇവര് ഒരു പക്ഷേ കിരീടത്തില് മുത്തമിട്ടേക്കാം.' കൊളംബിയന് ടീമിന്റെയും അവര് എതിരാളികള്ക്കെതിരെ കരുതി വെച്ചിരിക്കുന്ന വജ്രായുധമായ ജെയിംസ് റെഡ്രിഗസിനെക്കുറിച്ചു വായിച്ചു തുടങ്ങാം.

കൊളംബിയന് പടയൊരുക്കം
2018 ലോകകപ്പിനായി കൊളംബിയ റഷ്യയിലേക്കെത്തുന്നത് ജോസെ പെക്കര്മാന്റെ ശിക്ഷണത്തില് തന്നെയാണ്. 2012 ജനുവരിയിലാണ് അര്ജന്റീനക്കാരനായ പെക്കര്മാന് കോളംബിയന് കോച്ചായി നിയമിതനാവുന്നത്. 16 വര്ഷങ്ങള്ക്ക് ശേഷം തുടര്ച്ചയായ രണ്ടാം തവണയും കൊളംബിയ ലോകകപ്പിനെത്തുന്നു. റഡാമല് ഫാല്കാവോയാണ് അവരെ റഷ്യയില് നയിക്കുന്നത്. 35 പേരെ ഷോട്ട് ലിസ്റ്റ് ചെയ്ത കൊളംബിയ അതില് നിന്നും 23 അംഗ ടീമിനെയാണ് റഷ്യയ്ക്കയ്ക്കുന്നത്. ജെയിംസ് റോഡ്രിഗസ്, ഗോള് കീപ്പര് ഡേവിഡ് ഒസ്പിനാ, യേറി മിനാ, ഫാല്കാവോ എന്നിവര് ടീമിലുണ്ടാകുമെന്നതില് തര്ക്കമൊന്നുമില്ല.
റോഡ്രിഗസാവും കൊളംബിയന് നിരയില് ശ്രദ്ധാകേന്ദ്രമെന്നതില് സംശയമുണ്ടാവില്ല. എന്നാല് ചില കണ്ണുകളെങ്കിലും തിരയുന്നത് 22കാരനെയാണ്. ഇവാന് മോഷ്യക്കോ അര്ബോലേഡ. ലിസ്റ്റിലെ യൂത്തന്. ഇവാന് ഗോള്ക്കീപ്പറാണ്. ഇപ്പോള് ബാന്ഫില്ഡിന്റെ താരമായ ഇവാനില് ടീമിന് ഉയര്ന്ന പ്രതീക്ഷയാണ്. സ്റ്റാര് ഗോള് കീപ്പര് ഒസ്പിനായ്ക്ക് പകരം കൊളംബിയന് ഗോള്വല കാക്കാന് ഇവാനെ നിയോഗിക്കാനും സാധ്യതയെറെ. മിഡ്ഫീല്ഡര് എഡ്വിന് കര്ഡോണ, ക്രിസ്റ്റ്യന് സപാറ്റ, യിമ്മി ചാര എന്നിവര് ടീമില് ഇടം കണ്ടെത്തിയില്ല. സപാറ്റയ്ക്ക് അടുത്ത് നടന്ന മത്സരത്തിനിടെ പരിക്കേറ്റിരുന്നു.

കൊളംബിയ കാത്തുവെച്ച മാണിക്യം
ജെയിംസ് ഡേവിഡ് റോഡ്രിഗസ് റൂബിയോ എന്ന കൊളംബിയന് അറ്റാക്കിങ് മിഡ്ഫീല്ഡര് ലോകത്തിന്റെ മുഴുവന് ഹീറോയായത് 2014 ബ്രിസീല് ലോകപ്പിന്റെ പ്രീകാര്ട്ടറില് ഉറുഗ്വേയ്ക്കെതിരെ നേടിയ വിസ്മയ ഗോളിലൂടെയായിരുന്നു. 28-ാം മിനിറ്റില് പെനാല്റ്റി ബോക്സിന് വെളിയില് നിന്നിരുന്ന ആ 22 കാരന്റെ പക്കലേക്ക് പന്ത് ഉയര്ന്നുവന്നു. തന്റെ നെഞ്ചുകൊണ്ട് പന്തിന്റെ നിയന്ത്രണത്തെ വരുതിലാക്കിയ അയാള് ഇടതുകാല് കൊണ്ട് ഉറുഗ്വേയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഉയര്ന്നുചാടിയ ഗോള് കീപ്പറേ നിസഹായനാക്കി ക്രോസ് ബാറിലിടിച്ച ആ വെടിയുണ്ട ഇടിമിന്നല് കണക്കെ ഗോള്വര കടന്നു. അത്ഭുത ഗോള് കണ്ട ആശ്ചര്യത്തില് ലോകം ഒരു നിമിഷം കൈയടിക്കാന് പോലും മറന്നുപോയി.
ഗ്രൂപ്പ് ഘട്ടം പോലും കടക്കുമെന്ന് ഫുട്ബോള് പ്രവചനങ്ങളില് സാധ്യത കല്പ്പിക്കാതിരുന്ന കൊളംബിയന് ടീം ചരിത്രത്തിലാദ്യമായി ബ്രിസീലിയന് മണ്ണില് ക്വാര്ട്ടര് കളിച്ചു. എല്ലാ കളികളിലും കൊളംബിയയെ എതിര് ടീമില് നിന്ന് വ്യത്യസ്ഥമാക്കിയിരുന്നത് ജെയംസ് റോഡ്രിഗസ് എന്ന ഫാക്റ്ററായിരുന്നു. ക്വാര്ട്ടറില് ബ്രസീലിനോട് 2-1 ന് പരാജയപ്പെട്ട് ടൂര്ണമെന്റിനോട് വിടപറഞ്ഞപ്പോള് ആതിഥേയരായ ബ്രിസീലിയന് കാണികള് പോലും കൊളംബിയന് പോരാട്ട വീര്യത്തെ അഭിനന്ദിച്ചു. മത്സര ശേഷം കണ്ണീരണിഞ്ഞ്് കളിക്കളം വിടാനെരുങ്ങിയ ജെയിംസിനെ ബ്രിസീലിന്റെ ഡേവിഡ് ലൂയിസും, ഡാനി ആല്വസും സ്വന്തം അനുജനെപ്പോലെ ചേര്ത്തു നിര്ത്തി അഭിന്ദിക്കുന്നതും ലോകം കണ്ടു. ഫുട്ബോള് അന്നും ഇന്നും എന്നും ബ്യൂട്ടിഫുള് ഗെയിം ആണെന്നതിന്റെ അഭിമാനക്കാഴ്ച്ചകളായിരുന്നു അത്. പിന്നീട് ലൂയിസ് തന്നെ വ്യക്തമാക്കി, റോഡ്രിഗസ് ഒരു മികച്ച താരമാണെന്നുള്ളത്.

ഉറുഗ്വേക്കെതിരേ നേടിയ ഗോള് മികച്ച ഗോളിന് ഫിഫ നല്കുന്ന പുഷ്ക്കാഷ് പുരസ്കാരത്തിന് അര്ഹമാവുകയും ചെയ്തു. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ലോകത്തിന്റെ തന്നെ കണ്ണിലുണ്ണിയായ റോഡ്രിഗസിനെ കൊളംബിയക്കാര് വിശേഷിപ്പിച്ചത് കാര്ലോസ് വാല്ഡറാമയുടെ പിന്ഗാമിയെന്നാണ്. ലോകകപ്പില് അഞ്ചു മത്സരങ്ങളില് നിന്നായി ആറ് ഗോളുകളാണ് റോഡ്രിഗസ് തന്റെ അക്കൗണ്ടിലെത്തിച്ചത്. ബ്രസീലിയന് മണ്ണില് അദ്ദേഹം നടത്തിയ ഗോള് വേട്ട ജര്മനിയുടെ തോമസ് മുളളറെ മറികടന്ന് ഫിഫയുടെ സുവര്ണ പാദുകം നേടുന്നതിലേക്ക് വരെ നയിച്ചു. ഈ നേട്ടം കരസ്ഥമാക്കിയത് ലോക പോരാട്ടത്തിന്റെ സെമി കാണാതെ പോയ ഒരു ടീമിലെ അംഗമാണ് എന്ന് ചിന്തിക്കുന്നിടത്താണ് നേട്ടം എത്ര വലുതാണെന്ന് മനസിലാവുക. ലോകകപ്പ് ഓള് സ്റ്റാര്സ് ഇലവനിലും ജെയിംസ് ഇടം നേടി. അഞ്ചുകളികളിലും ഫെയറായിക്കളിച്ച കൊളംബിയ നാട്ടിലേക്ക് അന്ന് മടങ്ങിയത് ഫെയര് പ്ലേ അവാര്ഡും വാങ്ങിയാണ്.
റയലിനുളള റോഡ്രിഗസിന്റെ മറുപടിയാവുമോ റഷ്യന് ലോകകപ്പ്
2014 ബ്രസീല് ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ എല്ലാ ഫുട്ബോള് നിരീക്ഷകരുടെയും ആരാധകരുടെയും കണ്ണുകള് റോഡ്രിഗസിന്റെ പുറകെ സഞ്ചരിച്ചു. പലരും പ്രതീക്ഷിച്ച പോലെ റയല് മാഡ്രിഡ് പൊന്നും വില നല്കി അദ്ദേഹത്തെ കൈക്കലാക്കി. ആറ് വര്ഷമായിരുന്നു കരാര്. എന്നാല് താര സമ്പന്നമായ റയലില് റോഡ്രിഗസിന് പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം. സിദാന് കോച്ചായി എത്തിയപ്പോഴും റോഡ്രിഗസിന് അര്ഹിക്കുന്ന പരിഗണന ലഭിച്ചില്ല. ഇതോടെ രണ്ട് വര്ഷ ലോണ് വ്യവസ്ഥയില് ജെയിംസ് ബയേണ് മ്യൂനിച്ചിലേക്ക് പോയി.

2019 തോടെ റോഡ്രിഗസ് ജെയിംസിന് ലോണ് കാലഘട്ടം പൂര്ത്തിയാക്കി റയലിലേക്ക് തിരിച്ചുവരേണ്ടിവരും. ബയേണില് ആത്മവിശ്വാസത്തോടെ കളിക്കാന് റോഡ്രിഗസിന് സാധിക്കുന്നുണ്ട്. റഷ്യന് ലോകകപ്പിലെ പ്രകടനം റോഡ്രിഗസിന്റെ ഭാവി നിശ്ചയിക്കുന്നതായിരിക്കുമെന്നതില് തര്ക്കമില്ല. കഴിഞ്ഞ ലോകകപ്പിനെ ഓര്മിക്കുന്ന രീതിയില് തകര്പ്പന് പ്രകടനം പുറത്തെടുക്കാനായാല് താരത്തിന് വേണമെങ്കില് റയലിലേക്ക് കൂടുതല് ശക്തനായി തിരിച്ചുവരാം. താരം നല്കുന്ന സൂചനകള് അദ്ദേഹം ബയേണില് തന്നെ തുടരാനുളള ശ്രമങ്ങള് നടത്തുമെന്നാണ്. ജെയിംസിന് റഷ്യന് ലോകക്കപ്പില് മിന്നും പ്രകടനം പുറത്തെടുക്കാനായാല് അദ്ദേഹം തീരുമാനിക്കുന്നിടത്ത് കാര്യങ്ങള് നില്ക്കുമെന്ന് സാരം.
ലോകകപ്പിലെ പ്രകടനം ആര്ക്കെങ്കിലുമുളള മറുപടിയാവുമോ? എന്ന ചോദ്യത്തോട് താരത്തിന്റെ പ്രതികരണമിതായിരുന്നു. എനിക്ക് ആരെയും ഒന്നും കാണിക്കാനില്ല. ബയേണില് ഞാന് സ്ന്തുഷ്ടനാണ്. ഭാവിയെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഈ ലോകകപ്പ് എനിക്ക് ഏറെ നിര്ണ്ണായകമാണ്. രാജ്യത്തെ ഫൈനലിലോ സെമി ഫൈനലിലോ എത്തിക്കുകയാണ് ലക്ഷ്യം. ഈ മറുപടിയിലൂടെ ജെയിംസിന്റെ കണക്കുകൂട്ടലുകള് വലുതാണെന്ന് സംശയമില്ലാതെ പറയാം.

സന്നാഹ മത്സരങ്ങളും ഫോര്മേഷനും
ലോകകപ്പിന് ശേഷം നടന്ന 2015ലെ കോപ്പാ അമേരിക്കയില് കൊളംബിയന് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മുന് ചാമ്പ്യന്മാര് കൂടിയായ അവര്ക്ക് ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്. എന്നാല് കോപ്പാ അമേരിക്ക സെന്റനാരിയോയില് അവര് തിളങ്ങി. അമേരിക്കയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനവും നേടി. ലോകകപ്പ് യോഗ്യത മത്സരങ്ങളില് പെറുവിനെതിരെ സമനില പിടിക്കുകയും (1-1), ബ്രിസീലിനെ 1-1 ന് വിറപ്പിക്കുകയും ചെയ്തു. സൗഹൃദ മത്സരങ്ങളില് ദക്ഷിണ കെറിയയോട് 2-1 ന് തോല്ക്കുകയും. കരുത്തരായ സ്പെയ്നിനെ 2-2ന് വരിഞ്ഞുകെട്ടി. കഴിഞ്ഞ മാര്ച്ചില് ഫ്രാന്സുമായി അവരുടെ നാട്ടില് നടന്ന മത്സരത്തില് അവരെ 2-3ന് തോല്പ്പിച്ച കൊളംബിയ ലോകകപ്പിന് ആരെയും വിറപ്പിക്കാന് പോന്നവരാണ് തങ്ങളെന്ന് തെളിയിച്ചു. ജൂണ് പത്തിന് ഗ്രീസുമായി നടക്കാനിരിക്കുന്ന പോരാട്ടമാണ് ലോകകപ്പിന് മുന്നോടിയായുളള കൊളംബിയയുടെ നിര്ണായക പോര്. 4-2-3-1 ശൈലിയാണ് കൊളംബിയ സാധാരണയായി അവലംബിക്കാറ്. മറ്റൊരു ഫോര്മാറ്റ് 4-3-2-1.

റഷ്യയിലെ എതിരാളികള്
2018 റഷ്യന് ലോകകപ്പില് പോളണ്ട്, സെനഗല്, ജപ്പാന് എന്നിവരുള്പ്പെടുന്ന ഗ്രൂപ്പ് എച്ചിലാണ് കൊളംബിയ. സ്ഥിരതയാര്ന്ന പ്രകടനത്തെ മുന് നിര്ത്തി പരിശോധിക്കുമ്പോള് ഗ്രൂപ്പ് ഘട്ടം അവര്ക്ക് വെല്ലുവിളിയാവില്ല. 19നാണ്് കൊളംബിയയുടെ ആദ്യ മത്സരം. ജപ്പാനാണ് എതിരാളികള്. 24ന് പോളണ്ടിനെതിരെ കൊളംബിയ രണ്ടാം മത്സരത്തിനിറങ്ങും. 28ന് സെനഗലുമായാണ് കൊളംബിയയുടെ അവസാന പോര്. അവസാന വിസില് വരെ എന്തും സംഭവിക്കാന് സാധ്യതയുളള കാല്പ്പന്തിന്റെ ത്രസിപ്പിക്കുന്ന യുദ്ധഭൂമിയില് താരതമ്യങ്ങള്ക്ക് ഇടമില്ലെന്നതാണ് യാഥാര്ത്ഥ്യം. ഇനിയുളള ദിനങ്ങളില് ലോകം മുഴുവന് ഒരു പന്തിലേക്ക് ചുരുങ്ങും. ആ പന്ത് ഉരുളുന്നതിനൊപ്പം ലോകവും ചലിക്കും. ലോകത്തിന്റെ മുഴുവന് ശ്വാസം കൊണ്ട് നിറച്ചെടുത്ത ആ പന്ത് കാലുകളില് നിന്ന് കിരീടത്തിലേക്ക് പായുന്നത് തെല്ല് നെഞ്ചിടിപ്പോടെ കണ്ടിരിക്കാം നമ്മള്ക്ക്.
