ദില്ലി: ഇഷ്‌ടതാരങ്ങശുടെ മെഴുകു പ്രതിമകള്‍ കാണാന്‍ ഇനി ലണ്ടന്‍ വരെ പോകേണ്ട.പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയം ഇനി ദില്ലിയിലും. ഇന്ത്യയിലെ ആദ്യത്തെ മാഡം തുസാഡ്സ് മെഴുകു മ്യൂസിയം ദില്ലിയില്‍ ജൂണില്‍ ആരംഭിക്കും.ഇന്ത്യയിലെ ആദ്യ മാഡം തുസാഡ്സ് മെഴുകു മ്യൂസിയമാണ് ദില്ലിയിലെ കൊണോട്ട് പ്ളേസില്‍ ജൂണില്‍ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായുള്ള ആദ്യ പ്രിവ്യു കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്നു. പ്രിവ്യു കാണാനെത്തിയ ബോളിവുഡിന്റെ ബിഗ് ബി അവിടെയുണ്ടായിരുന്ന തന്റെ മെഴുകു പ്രതിമ കണ്ട് തന്റെ ചിത്രമാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Scroll to load tweet…

വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലണ്ടനിലെ മാഡം തുസാഡ്സ് മെഴുകു മ്യൂസിയം. ഇഷ്‌ടതാരങ്ങളുടെ യഥാര്‍ത്ഥമെന്നു തോന്നുന്ന മെഴുകു പ്രതിമകള്‍ കാണാനായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. മാഡം തുസാഡ്സ് മ്യൂസിയത്തിനു വിവിധ രാജ്യങ്ങളിലായി 22 ശാഖകളുണ്ട്. വ്യത്യസ്തമായൊരു അനുഭവമായിരിക്കും മ്യൂസിയം കാണികള്‍ക്കു സമ്മാനിക്കുക. പ്രിയപ്പെട്ട താരങ്ങളുടെ യഥാര്‍ത്ഥമെന്നു തോന്നുന്ന പ്രതിമകളെ അടുത്തു കാണാന്‍ അവസരമുണ്ടാകും.

ദില്ലിയിലെ മ്യൂസിയത്തില്‍ അന്‍പതു പ്രതിമകളാണ് ഉണ്ടാവുക. മഹാത്മ ഗാന്ധി,അമിതാഭ് ബച്ചന്‍, സച്ചില്‍ ടെന്‍ഡുല്‍ക്കര്‍, ലേഡി ഗാഗ എന്നിവരുടെ പ്രതിമകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഇരുപതു കലാകാരന്‍മാരുടെ നാലു മാസത്തെ പരിശ്രമത്തിനൊടുവിലാണ് ഒരു പ്രതിമ പൂര്‍ണ്ണമാകുന്നത്. ഒന്നര കോടി രൂപയാണ് ഒരു പ്രതിമയുടെ വില. പ്രതിമകളെല്ലാം ലണ്ടനില്‍ നിര്‍‍മ്മിച്ച ശേഷം ദില്ലിയിലെത്തിക്കാനാണ് പദ്ധതി.